എടവനക്കാട് കടലേറ്റം രൂക്ഷം
1437025
Thursday, July 18, 2024 6:45 AM IST
വൈപ്പിൻ: കാലവർഷം കനത്തതോടെ എടവനക്കാട് തീരത്ത് കടൽക്ഷോഭം ശക്തമായി. പതിവ് പോലെ തകർന്നിടിഞ്ഞു കിടക്കുന്ന കടൽഭിത്തിക്ക് മുകളിലൂടെ കരയിലേക്ക് അടിച്ചു കയറുന്ന തിരമാലകൾ തീരദേശ റോഡും കവിഞ്ഞ് ജനവാസ മേഖലയിലേക്ക് ഒഴുകുകയാണ്. അതേസമയം മന്ത്രി പി. രാജീവ് ചൊവ്വാഴ്ച സ്ഥലം സന്ദർശിച്ച ശേഷം സൂചിപ്പിച്ച കേന്ദ്ര സഹായത്തോടെയുള്ള 145.87 കോടിയുടെ പദ്ധതി എന്ന് പ്രാവർത്തികമാവുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുള്ളതിനാൽ ദുരിതബാധിതർ തൃപ്തരല്ലെന്നാണ് സൂചന.
തീരസദസിൽ രൂപംകൊണ്ട 56 കോടിയുടെ പ്രത്യേക പദ്ധതി ജിഡ ഫണ്ട് ഉപയോഗിച്ച് അടിയന്തരമായി നടപ്പാക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. ഇതിനിടെ എടവനക്കാട് തീരത്ത് തകർന്നുകിടക്കുന്ന കടൽഭിത്തി അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി അടിയന്തരമായി എസ്റ്റിമേറ്റ് തയാറാക്കാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് ഫോണിൽ വിളിച്ചറിയിച്ചതായി സമരസമിതി ചെയർമാൻ കെ.ആർ. സനിൽ കുമാർ അറിയിച്ചു.