തൃക്കാക്കര നഗരസഭയ്ക്ക് സ്വന്തം മാലിന്യ സംസ്കരണ പ്ലാന്റ്
1437021
Thursday, July 18, 2024 6:45 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭയ്ക്ക് സ്വന്തമായി മാലിന്യ സംസ്കരണ സംവിധാനം വരുന്നു. നഗരസഭാ കാര്യാലയത്തിനു തെക്കുഭാഗത്തായി കിടക്കുന്ന റവന്യൂ ഭൂമിയിൽനിന്നും 50 സെന്റ് സ്ഥലമെങ്കിലും കിട്ടണമെന്ന ആവശ്യവുമായി നഗരസഭാധ്യക്ഷ രാധാമണിപ്പിള്ള, വൈസ് ചെയർമാൻ പി.എം. യൂനുസ്, ആരോഗ്യ വിഭാഗം സ്ഥിരംസമിതി അധ്യക്ഷൻ ഉണ്ണി കാക്കനാട്, കൗൺസിലർമാരായ സി.സി. വിജു, അബ്ദുഷാന, ഓമന സാബു, ഫ്രാൻസിസ്, ജോസ് കളത്തിൽ, വർഗീസ് പ്ലാശേരി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുനീറ ഫിറോസ് തുടങ്ങിയവർ ഇന്നലെ കളക്ടറെ നേരിൽ കണ്ടിരുന്നു.
നഗരസഭാ പ്രദേശത്ത് വിവിധ സ്ഥലങ്ങൾ പരിശോധിച്ചെങ്കിലും പരിസരവാസികളുടെ എതിർപ്പു മൂലം സ്ഥലം ഏറ്റെടുക്കൽ സാധ്യമായില്ല.
സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 50 സെന്റ് വരെയുള്ള റവന്യൂ ഭൂമി മാലിന്യ സംസ്കരണത്തിന് വിട്ടുനൽകുന്നതിന് സംസ്ഥാന സർക്കാർ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ 11ന് കളക്ടറുടെ ചേംബറിൽ നടന്ന ചർച്ചയിൽ നഗരസഭയുടെ നിലവിലുള്ള മാലിന്യ സംഭരണ കേന്ദ്രത്തിനടുത്തായി 25 സെന്റ് സ്ഥലം വിട്ടുനൽകാൻ തീരുമാനിക്കുകയായിരുന്നു. പദ്ധതി നടപ്പാക്കുന്നതിനായി നൽകുന്ന ഭൂമി കളക്ടർ സന്ദർശിച്ചു.