ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുമെന്ന് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്
1437008
Thursday, July 18, 2024 6:45 AM IST
കോതമംഗലം: ഭൂരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കുമെന്ന് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ലൈഫ് പദ്ധതി ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ ഗുണഭോക്താക്കളുടെ ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്യവേയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഇക്കാര്യം അറിയിച്ചത്.
നിരവധി പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഇപ്പോഴും ഭൂരഹിതരായ നിരവധി കുടുംബങ്ങളാണ് ഉള്ളത്. ഇവരെ കണ്ടെത്തി ഭൂമി ലഭ്യമാക്കുക എന്നുള്ളതാണ് പദ്ധതിയുടെ ലക്ഷ്യം.
2020- 21 ൽ 61 കുടുംബങ്ങൾക്കും 2022-23ൽ 52 കുടുംബങ്ങൾക്കും 2023-24ൽ 51 കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കി കഴിഞ്ഞു. ഇനിയും നിരവധി കുടുംബങ്ങൾക്ക് ഈ വർഷം ഭൂമി കണ്ടെത്തി കൊടുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
വൈസ്പ്രസിഡന്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ ജയിംസ് കോറമ്പൽ, അംഗങ്ങളായ ആനീസ് ഫ്രാൻസിസ്, നിസാമോൾ ഇസ്മയിൽ, ടി.കെ. കുഞ്ഞുമോൻ, എസ്സി ഓഫീസർ എൽദോസ് എന്നിവർ പങ്കെടുത്തു.