വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കർഷക കോൺഗ്രസ്
1437005
Thursday, July 18, 2024 6:45 AM IST
കോതമംഗലം: വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടി അന്താരാഷ്ട്ര തുറമുഖം എന്നു പേര് നൽകണമെന്ന് കർഷക കോൺഗ്രസ് പല്ലാരിമംഗലം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കെ. കരുണാകരന്റെ നേത്യസത്തിലുണ്ടായിരുന്ന യുഡിഎഫ് സർക്കാർ തുടക്കംകുറിച്ച് ഉമ്മൻചാണ്ടി സർക്കാരിന്റെ നേതൃത്വത്തിൽ അനുമതികൾ നേടിയെടുത്ത് തറക്കല്ലിട്ട പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം.
അന്ന് പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷ മുന്നണി ഒന്നടങ്കം ഈ സ്വപ്ന പദ്ധതിക്ക് സമരങ്ങളിലൂടെ തടസം നിന്നവരാണെന്നും യോഗം കുറ്റപ്പെടുത്തി. പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തപ്പോൾ ഉമ്മൻചാണ്ടിയുടെ പേര് പറയാൻ പോലും മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ല.
ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനത്തിൽ കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.ഇ. കാസിം അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ് ഉദ്ഘാടനം ചെയ്തു. പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ബോബൻ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ജോർജ് പ്രമേയം അവതരിപ്പിച്ചു. ജെയിംസ് കൊറമ്പേൽ, പി.എം. സിദ്ധിഖ്, കെ.കെ. അഷ്റഫ്, എൻ.എഫ്. തോമസ്, വർഗീസ് കൊന്നനാൽ, കെ.പി. മുഹമ്മദ്, എം.എം. സൈനുദ്ദീൻ, മൊയ്ദു മറ്റപ്പിള്ളിൽ, ജോളി വർക്കി, ഹനീഫ ഈറക്കൽ, എൻ.എഫ്. അഷ്റഫ് എന്നിവർ പ്രസംഗിച്ചു.