ഡെങ്കിപ്പനി വ്യാപകം : ആലുവയിൽ പെരിയാർ വാലി ഇറിഗേഷൻ കനാൽ കൊതുക് വളർത്തൽ കേന്ദ്രം
1435930
Sunday, July 14, 2024 4:43 AM IST
ആലുവ: പെരിയാർ വാലി ഇറിഗേഷൻ കനാൽ കൊതുക് വളർത്തൽ കേന്ദ്രങ്ങളായി മാറുന്നതായി പരാതി. ആലുവയിലും സമീപ പഞ്ചായത്തുകളിലും ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ജലസേചന വകുപ്പിന്റെയും അനാസ്ഥ.
മഴക്കാലത്തിന് മുമ്പേ ശുചീകരണ പ്രവർത്തനങ്ങൾ നടത്താതിരുന്നതിനാലാണ് ആലുവ മേഖലയിൽ കനാൽ കാടുകയറി കിടക്കുന്നത്. പലയിടത്തും കനാൽ കാണാൻ കഴിയാത്ത രീതിയിൽ മൂടിക്കഴിഞ്ഞു.
ഇരുകരയിലുള്ള താമസക്കാരാണ് ഡെങ്കി കൊതുകുകളുടെ ഭീഷണിയിൽ കഴിയുന്നത്. ഇവ വെട്ടിമാറ്റാത്തതിനാൽ മഴവെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ആലുവ നഗരസഭ, കീഴ്മാട്, എടത്തല, ചൂർണിക്കര പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന കനാലിൽ മാലിന്യം കുമിഞ്ഞ് കൂടിയതും ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നുണ്ട്. ഇതിന് പുറമേയാണ് ഒഴുകി പോകാനാകാതെ വെള്ളം കെട്ടിക്കിടക്കുന്നത്.
ആലുവ നഗരസഭയുടെ അതിർത്തി പങ്കിടുന്ന ചൂർണിക്കര പഞ്ചായത്തിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് മരണവും കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചു.