ദുരിതംപേറി എടവനക്കാട് കടപ്പുറം നിവാസികൾ : ആശുപത്രിയിൽ മരിച്ച വീട്ടമ്മയുടെ മൃതദേഹം ചുമന്ന് വീട്ടിലെത്തിച്ചു
1435924
Sunday, July 14, 2024 4:43 AM IST
വൈപ്പിൻ: ആശുപത്രിയിൽ മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കാര ചടങ്ങിനായി വീട്ടുമുറ്റത്ത് എത്തിച്ചത് ആംബുലൻസിൽ നിന്നും ഒരു കിലോമീറ്ററോളം ദൂരം സ്ട്രെച്ചറിൽ ചുമന്ന്. കടൽക്ഷോഭം മൂലം തകർന്ന റോഡിലുടെ വാഹനയാത്ര അസാധ്യമായതിനാലാണ് എടവനക്കാട് തീരദേശവാസിയായ വീട്ടമ്മയുടെ മൃതദേഹം ചുമന്ന് വീട്ടിലെത്തിക്കേണ്ടി വന്നത്.
രോഗബാധയെ തുടർന്ന് ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ മരണമടഞ്ഞ എടവനക്കാട് കളരിപ്പറമ്പിൽ രമേശന്റെ ഭാര്യ ശശികലയുടെ മൃതദേഹമാണ് ബന്ധുക്കളും അയൽവാസികളും ചേർന്ന് കടൽത്തീരത്തെ മണലടിഞ്ഞ് ദുർഘടം പിടിച്ച വഴിയിലൂടെ ചുമന്നത്.
റോഡ് കടൽക്ഷോഭത്തിൽ തകർന്ന് മണൽ മൂടിക്കിടയ്ക്കുന്നതിനാൽ ആംബുലൻസിനു അങ്ങോട്ടെത്താൻ കഴിഞ്ഞില്ല. എടവനക്കാട്ടെ തീരവാസികൾ ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ടായി. അടിയന്തിര ഘട്ടങ്ങളിൽ ഒരു രോഗിയെ ആശുപത്രിയിലെത്തിക്കാനും ദുരിതമാണിവിടെ.
ഇതു മൂലം സമയത്ത് ചികിത്സ കിട്ടാതെ നിരവധി ഹതഭാഗ്യർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ദരിദ്രരായ തീരദേശസവാസികളെ രാഷ്ട്രീയക്കാരും കൈയൊഴിഞ്ഞതായി ഇവിടുത്തുകാർ പരിതപിക്കുന്നു.