ആംബര്‍ ഗ്രിസ് പിടികൂടി സംഭവം: കളമശേരി സ്വദേശിക്കായി അന്വേഷണം
1435913
Sunday, July 14, 2024 4:31 AM IST
കൊച്ചി: ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍നിന്നു വനം വകുപ്പ് തിമിംഗല ദഹനാവശിഷ്ടം (ആംബര്‍ ഗ്രിസ്) പിടികൂടിയ സംഭവത്തില്‍ കളമശേരി സ്വദേശിക്കായി അന്വേഷണം പുരോഗമിക്കുന്നു. കേസിലെ മുഖ്യപ്രതി ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇഷാഖില് നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് അന്വേഷണം നടത്തുന്നത്.
വില്പനയ്ക്കായി മുഹമ്മദ് കൊച്ചിയിലെത്തിച്ച ആംബര്‍ ഗ്രിസ് കളമശേരി സ്വദേശി വില്‍സണ്‍ വഴി വില്പന നടത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി സാമ്പിള്‍ മാത്രമാണ് കൊച്ചിയിലെത്തിച്ചത്. വില്‍സണുമായുള്ള ഇടപാട് അന്വേഷിക്കുന്ന വനം വകുപ്പ് കേസില്‍ മറ്റ് ആളുകളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
സംഭവത്തിന് പിന്നാലെ വില്‍സണ്‍ ഒളിവിൽപോയി. വൈകാതെ ഇയാളെ പിടികൂടി മൊഴി രേഖപ്പെടുത്തുന്നതിനടക്കമുള്ള നീക്കങ്ങളാണ് വനം വകുപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ മുഹമ്മദ് ഇഷാഖിനെ ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കി.