വാഹനക്കുരുക്ക് : പ്രധാന ജംഗ്ഷനുകളിൽ ഗതാഗത പരിഷ്കാരങ്ങൾ പുനഃക്രമീകരിക്കും
1435911
Sunday, July 14, 2024 4:31 AM IST
അങ്കമാലി/കളമശേരി: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ദേശീയപാതയിലെ വിവിധ ജംഗ്ഷനുകളിൽ വരുത്തിയ ഗതാഗത പരിഷ്കാരങ്ങൾ പുനഃക്രമീകരിക്കാൻ മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ നിർദേശം. ജംഗ്ഷനുകളിലെ സന്ദർശനത്തിനു ശേഷം ഗതാഗതവകുപ്പിനാണ് മന്ത്രി നിർദേശം നല്‍കിയത്.
കരയാംപറമ്പില്‍ സിഗ്നല്‍ ജംഗ്ഷനില്‍ നിന്നു കുറച്ചുമാറി ദേശീയപാതയില്‍ പുതിയ ഓപ്പണിംഗ് ക്രമീകരിച്ചതിനു ശേഷം മാത്രമേ സര്‍വീസ് റോഡ് അടയ്ക്കാവൂ എന്ന് മന്ത്രി നിര്‍ദേശിച്ചു. അങ്ങാടിക്കടവ് സിഗ്നല്‍ ജംഗ്ഷനില്‍ അങ്ങാടിക്കടവ് ഭാഗത്തേക്കും തിരിച്ചും മുന്‍പുണ്ടായിരുന്നതു പോലെ വാഹനങ്ങള്‍ കടത്തിവിടും.
ഈ സിഗ്നലിന്റെ സമയദൈര്‍ഘ്യം കുറച്ച് ദേശീയപാതയിലൂടെ കൂടുതല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എല്‍എഫ് ജംഗ്ഷനില്‍ നിന്നും ടിബി ജംഗ്ഷന് വഴി പോകുന്ന സ്വകാര്യബസുകളുടെ 450 ഓളം ഷെഡ്യൂളുകള്‍ കുറയ്ക്കുന്നതിനും അതിനുള്ള സമയ ക്രമീകരണം എംഎല്‍എയുടെ നേത്യത്വത്തില്‍ ട്രാഫിക് കമ്മിറ്റി ചേര്‍ന്ന് സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ നടത്തിയ ഗതാഗത പരിഷ്കാരം ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നുവെന്ന് റോജി എം.ജോണ്‍ എംഎല്‍എ നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇന്നലെ വീണ്ടും രണ്ടിടത്തും പരിശോധന നടത്തിയത്. അശാസ്ത്രീയമായ ഗതാഗത പരിഷ്കാരം മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളെ സംബന്ധിച്ചു എംഎല്‍എയ്ക്കു പുറമെ അങ്കമാലി നഗരസഭാധ്യക്ഷന്‍ മാത്യു തോമസ്, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാര്‍ എന്നിവരും മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
കളമശേരിയിലെയും, എച്ച്എംടി ജംഗ്ഷനിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വൺവേ സിസ്റ്റം നടപ്പാക്കും.പരീക്ഷണാടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുമായും, ബസുടമകളുമായും അടിയന്തര ചർച്ച നടത്തി പദ്ധതിനടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രിമാരായ കെ.ബി ഗണേഷ് കുമാറും പി. രാജീവും പറഞ്ഞു.
ആലുവ ഭാഗത്തു നിന്നും ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ മുഴുവൻ എച്ച്എംടി വഴി ടിവിഎസ് ജംഷനിലെത്തി ദേശീയപാതയിലൂടെ ഇടത്തേക്ക് തിരിഞ്ഞു പോകണം. സീപോർട്ട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ എച്ച്എംടി ജംഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ടിവിഎസ് ജംഷനിലെത്തി എറണാകുളം ഭാഗത്തേക്ക് പോകേണ്ട ഇടതുഭാഗത്ത് കൂടി പോകുകയും, ആലുവ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ദേശീയപാത കുറുകെ കടന്ന് വലത്തോട്ട് തിരിഞ്ഞും പോകണം.
സൗത്ത് കളമശേരിയിലേക്ക് പോകേണ്ട വാഹനങ്ങൾ ദേശീയപാതയിലൂടെ കുസാറ്റ് സിഗ്നലിൽ നിന്നും വലത്തോട്ട് തിരിഞ്ഞും, സൗത്ത് കളമശേരി പഴയ റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ടിവിഎസ് ജംഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു എച്ച്എംടി കവലയിലേക്കും പോകണം. എച്ച്എംടി കവല, എൻഎഡി, സീപോർട്ട് ഭാഗത്തേക്ക് പോകേണ്ടതായ വാഹനങ്ങൾ എച്ച്എംടി ദേശീയപാതയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു പോകാനമാണ് നിലവിൽ തീരുമാനം എടുത്തിട്ടുള്ളത്.
ഗുണകരമായില്ലെങ്കിൽ മാറ്റം വരുത്തും. ട്രാഫിക് സിഗ്നലുകളുടെ പ്രവർത്തനവും കാലോചിതമായി പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
അത്താണിയിലെ പരിഷ്കാരം ഭാഗികമായി പിൻവലിച്ചു
നെടുമ്പാശേരി: ദേശീയ പാതയിൽ അത്താണിയിൽ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരം ഭാഗികമായി പിൻവലിച്ചു. കാൽനട യാത്രക്കാർക്കും വ്യാപാരികൾക്കും ഏറെ പ്രയാസം സൃഷ്ടിച്ചതിനെതിരേ വിവിധ സംഘടനകളുടെ പ്രതിഷേധ സമരങ്ങൾ നടന്നിരുന്നു.
പ്രദേശം സന്ദർശിച്ച മന്ത്രി ദേശീയ പാതയിലെ ഗതാഗതം നിയന്ത്രിയ്ക്കാൻ റോഡിന് നടുവിൽ സ്ഥാപിച്ചിരുന്ന ഡ്രമ്മുകൾ എടുത്തു മാറ്റാൻ നിർദേശം നൽകി. അൻവർ സാദത്ത് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ, അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.