ഇടുക്കിയിൽ എട്ട് ലക്ഷം രൂപയുടെ ഐഇഇഇ പദ്ധതിയുമായി വാഴക്കുളം വിശ്വജ്യോതി
1435658
Saturday, July 13, 2024 4:06 AM IST
വാഴക്കുളം: വിശ്വജ്യോതി എൻജിനീയറിംഗ് കോളജ് ഐഇഇഇ സ്റ്റുഡന്റ് ബ്രാഞ്ച് പ്രോജക്ടിന് 9813 യുഎസ് ഡോളർ (8.14 ലക്ഷം രൂപ) അനുവദിച്ച് ഐഇഇഇ ഹ്യുമാനിറ്റേറിയൻ ടെക്നോളജിസ് ടെക് ഫോർ ഗുഡ്. ഇടുക്കി ജില്ലയിലെ മലയോര മേഖലയായ ചിന്നപ്പാറകുടി ആദിവാസി പ്രദേശത്ത് കാർഷികാവശ്യത്തിനും കുടിവെള്ളത്തിനും സൗരോർജം ഉപയോഗിച്ച് വെള്ളം പന്പ് ചെയ്യുന്നതുമായ പദ്ധതിക്കാണ് എട്ടു ലക്ഷത്തോളം അനുവദിച്ചത്.
വേനൽക്കാലമാകുന്പോൾ കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട പ്രദേശവാസികളുടെ ദുരിതം കണക്കിലെടുത്താണ് വിശ്വജ്യോതി പ്രോജക്റ്റ് ശുപാർശ ചെയ്തത്. 2005 മുതൽ വിശ്വജ്യോതി ഐഇഇഇ സ്റ്റുഡന്റ് ബ്രാഞ്ച് ചാർജിംഗ് അപ്പ് 2.0, ലൈറ്റ് അപ്പ്, സ്പാർക്, ഇഗ്നൈറ്റ് തുടങ്ങിയ ജനോപകാരപ്രദമായ നിരവധി പ്രോജക്ടുകൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും ഡോളർ മൂല്യമുള്ള പ്രജക്റ്റിന് അനുമതി ലഭിക്കുന്നത്.
ആറ് മാസത്തിൽ പൂർത്തിയാക്കുന്ന രീതിയിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. പദ്ധതിക്കായി ഐഇഇഇ വോളണ്ടിയേഴ്സിന് പ്രോജക്ടുമായി ബന്ധപ്പെട്ട നിരവധി വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, ഹാൻഡ്സ് ഓണ്‍ ട്രെയിനിംഗ്, ഓണ്‍ലൈൻ ക്ലാസുകൾ തുടങ്ങിയവ ക്രമീകരിക്കുന്നുണ്ട്. വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിന്റെയും ഐഇഇഇ എച്ച്എസി സൈറ്റിന്റെയും ആഭിമുഖ്യത്തിലാണ് പ്രോജക്റ്റ് പൂർത്തീകരിക്കുന്നത്.