സിപിഐ ഗ്രൂപ്പ് പോര്: ആലുവ മണ്ഡലം സെക്രട്ടറി അവധിയിൽ
1435647
Saturday, July 13, 2024 3:42 AM IST
ആലുവ: ഗ്രൂപ്പ് പോര് മുറുകിയതിനെ തുടർന്ന് വിമതപക്ഷക്കാരനായ സിപിഐ ആലുവ നിയോജക മണ്ഡലം സെക്രട്ടറി അഡ്വ. അസ്ലഫ് പാറേക്കാടൻ ആറ് മാസത്തെ അവധിയെടുത്തു. ഇന്നലെ ചേർന്ന ആലുവ മണ്ഡലം കമ്മിറ്റിയിൽ ആക്ടിംഗ് സെക്രട്ടറിയായി പി.വി. പ്രേമാനന്ദനെ തെരഞ്ഞെടുത്തു.
മുൻ ജില്ലാ സെക്രട്ടറിയായ പി. രാജു പക്ഷം ജില്ലാ സമ്മേളനത്തിൽ ദയനീയമായി പരാജയപ്പെട്ടതോടെ എടത്തല സ്വദേശിയായ അസ്ലഫ് പുതിയ ജില്ലാ നേതൃത്വവുമായി അകന്ന് നിൽക്കുകയായിരുന്നു. നിസഹരണം വർധിച്ചപ്പോൾ അവധിയിൽ പ്രവേശിക്കാൻ സ്വയം തീരുമാനിക്കുകയായിരുന്നു.
എന്നാൽ അഭിഭാഷകനായി എൻറോൾ ചെയ്തതിനാൽ തൊഴിൽ തിരക്ക് കാരണം അവധിയിൽ പ്രവേശിച്ചതാണെന്നാണ് പാർട്ടി നേതാക്കൾ വിശദീകരിക്കുന്നത്. ജില്ലാ സെക്രട്ടറി കെ.എൻ. ദിനകരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.കെ. ശിവൻ, പി.കെ. രാജേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്നലെ മണ്ഡലം കമ്മിറ്റി ചേർന്നത്.
ഔദ്യോഗിക പക്ഷത്തിൽ നിന്ന് ഒരാളെ ആലുവ മണ്ഡലം കമ്മിറ്റിയിൽ ആക്ടിംഗ് സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.
ആക്ടിംഗ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രേമാനന്ദൻ നിലവിൽ മണ്ഡലം അസി. സെക്രട്ടറിയാണ്. നേരത്തെ കീഴ്മാട് ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.