പറവൂരിൽ ഒമ്പത് പേർക്ക് തെരുവുനായയുടെ കടിയേറ്റു
1435638
Saturday, July 13, 2024 3:42 AM IST
പറവൂർ: തെരുവുനായ് ആക്രമണ ഭീതിയിൽ പറവൂർ നഗരവും പരിസര പ്രദേശങ്ങളും. നഗരസഭയിലും ഏഴിക്കരയിലുമായി ഒമ്പതു പേർക്ക് തെരുവുനായയുടെ കടിയേറ്റു. വെള്ളിയാഴ്ച രാവിലെ പെരുവാരം - കിഴേക്കേപ്രം മേഖലയിൽ നാലുപേരെയാണ് നായ കടിച്ചത്. നന്തികുളങ്ങര സ്വദേശി സുബ്രഹ്മണ്യൻ, തമിഴ്നാട് സ്വദേശി കുമാരസ്വാമി, ഡിഗ്രി വിദ്യാർഥിനി കൃഷ്ണപ്രിയ, റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ രവി എന്നിവർക്കാണ് കടിയേറ്റത്.
കുമാരസ്വാമിയെ ഒരു വട്ടം കടിച്ച ശേഷം പിന്മാറിയ നായ വീണ്ടും വന്നു കടിക്കുകയായിരുന്നു. ഏഴിക്കരയിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു നായയുടെ ആക്രമണം. ആശുപത്രിപ്പടി മുതൽ ആയപ്പിള്ളിപ്പടി വരെയുള്ള ഭാഗത്താണ് തെരുവുനായ് ആക്രമണം നടത്തിയത്. ആശുപത്രിപ്പടി ഭാഗത്തു വച്ചു സുലൈമാൻ, സുറുമിന എന്നിവരെയും, ആയപ്പിള്ളിപ്പടിയിൽ വച്ച് ഷീമോൾ ബാബു തളിയപ്പുറത്ത്, ആഗ്നസ് മാമ്പിള്ളി എന്നിവരെയും കടിച്ചു.
ഇടിമൂല കവലയിൽ വച്ചാണ് മുകുന്ദൻ പുല്ലേലിന് കടിയേറ്റത്. സുലൈമാന്റെ കാലിൽ ആഴത്തിൽ മുറിവേറ്റു. കടിയേറ്റവരെല്ലാം പറവൂർ താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലുമായി ചികിത്സ തേടി.
ഏഴിക്കരയിൽ ആക്രമണം നടത്തിയ നായയുടെ കഴുത്തിൽ ബെൽറ്റ് ഉണ്ടായിരുന്നതിനാൽ ഈ നായ ഉപേക്ഷിക്കപ്പെട്ട വളർത്തുനായയാണെന്നാണ് നിഗമനം. പറവൂർ നഗരസഭയിൽ വന്ധ്യംകരണം നിലച്ചിട്ട് വർഷങ്ങളായി.
ഏതാനും ആഴ്ചകൾക്ക് മുൻപു ചേന്ദമംഗലം പഞ്ചായത്തിലെ ഗോതുരുത്തിൽ ആറു നായ്ക്കൾ കൂട്ടമായി ആക്രമിക്കാൻ വരുന്നതു കണ്ട് ഭയന്നു സൈക്കിളിൽ നിന്നു വീണ് യുവാവിനു പരുക്കേറ്റിരുന്നു. സൈക്കിൾ ഉപേക്ഷിച്ച് വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.