പ്ലാസ്റ്റിക് മാലിന്യം: കൗണ്‍സിലര്‍മാര്‍ ഇടപെടണമെന്ന് മേയര്‍
1435633
Saturday, July 13, 2024 3:28 AM IST
കൊച്ചി: പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തിൽ കൗണ്‍സിലര്‍മാർ കൃത്യമായി ഇടപെടലുകള്‍ നടത്തണമെന്ന് മേയർ എം. അനില്‍കുമാര്‍. ബ്രഹ്മപുരത്തെ തീപിടിത്തത്തിന് ശേഷം കരാര്‍ നല്കിയ ഡബ്ല്യുകേരള, ഗ്രീന്വേം എന്നീ കമ്പനികൾ മാലിന്യം എടുക്കുന്നില്ലെന്ന കൗണ്‍സിലര്‍മാരുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മേയര്‍. ഭക്ഷണാവശിഷ്ടങ്ങള്‍, സാനിറ്ററി നാപ്കിന് എന്നിവ പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം തള്ളുന്നത് കരാര്‍ കമ്പനികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും മേയർ പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യം ജെസിബി ഉപയോഗിച്ച് കോരുന്ന ദൃശ്യങ്ങള്‍ കരാര്‍ കമ്പനി അയച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടാകാൻ പാടില്ല. കൗണ്‍സിലര്‍മാരുടെ നിരീക്ഷണം ഉറപ്പാക്കണമെന്നും മേയര്‍ പറഞ്ഞു. കമ്പനികള്‍ക്ക് മാലിന്യ സംസ്കരണത്തിനുള്ള ഫണ്ട് കൃത്യമായി നല്‍കുന്നുണ്ട്. മാലിന്യം കൃത്യമായി നീക്കം ചെയ്യുന്നില്ലെങ്കിൽ കൗണ്‍സിലര്‍മാർ ഇതറിയിക്കണമെന്നും മേയർ പറഞ്ഞു. നഗരത്തിലെ ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണത്തിന് കരാർ നീട്ടിനല്‍കിയ വിഷയം കൗണ്‍സിലില്‍ വീണ്ടും ചര്‍ച്ചയായി.
ഫെബ്രുവരി 17ന് പാസായ ടെൻഡര്‍ പരിശോധിച്ച ശേഷം വിഷയം അടുത്ത കൗണ്‍സിലില്‍ അജണ്ടയായി കൊണ്ടുവരാന്‍ കഴിഞ്ഞ കൗണ്‍സിലില്‍ മേയർ ആരോഗ്യ സമിതിക്ക് നിർദേശം നല്‍കിയിട്ടും ഇത്തവണത്തെ അജണ്ടയില്‍ വിഷയം ഉന്നയിച്ചിട്ടില്ലെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് ഹെന്‍ട്രി ഓസ്റ്റിന്‍ ആരോപിച്ചു. എന്നാല്‍ അസിസ്റ്റന്റ് സെക്രട്ടറി ഇന്നലെയാണ് ഫയല്‍ ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റിക്ക് കൈമാറിയതെന്നും അതുകൊണ്ടാണ് അജണ്ടയില്‍ ഉള്‍പ്പെടുത്താത്തതെന്നും മേയര്‍ പറഞ്ഞു.
ചെഗുവേര പ്രതിമ പൊളിച്ചു നീക്കേണ്ട
കോര്‍പറേഷനിലെ ചക്കരപ്പറമ്പ് ഡിവിഷനിലെ ചെഗുവേര പ്രതിമ ആര്‍ക്കും തടസം നില്‍ക്കാത്തതിനാൽ പൊളിച്ചുനീക്കേണ്ട ആവശ്യമില്ലെന്ന് മേയര്‍ വ്യക്തമാക്കി. സ്വകാര്യ വ്യക്തികള്‍ വിട്ടു കൊടുത്ത വഴിയിലാണ് പ്രതി നില്‍ക്കുന്നതെന്ന് അവര്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിയമപ്രകാരം കോര്‍പറേഷനെ അറിയിക്കേണ്ടതുണ്ട്.
ഇതു നിയമപ്രകാരമാണോ എന്ന് കൗണ്‍സിലര്‍ അന്വേഷിച്ച് അറിയിക്കണമെന്നും മേയര്‍ പറഞ്ഞു. നഗരത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങളും പ്രതിമകളുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും മേയര്‍ അറിയിച്ചു.