ചോർന്നൊലിക്കുന്ന വീട്ടിൽ കാരുണ്യം കാത്ത് വയോധിക ദമ്പതികൾ
1431277
Monday, June 24, 2024 5:11 AM IST
പറവൂർ: വടക്കേക്കര പഞ്ചായത്ത് 13-ാം വാർഡിൽ 39 വർഷമായി ചോർന്നൊലിക്കുന്ന വീട്ടിൽ വയോധിക ദമ്പതികൾ പഞ്ചായത്തിന്റെ കാരുണ്യത്തിനായി കാത്തിരിക്കുന്നു. ഞാലിയത്ത് വീട്ടിൽ അന്ധനായ ശശിയും ഭാര്യ മാലതിയുമാണ് 39 വർഷമായി ചോർന്നൊലിക്കുന്ന വീട്ടിൽ താമസിക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റും മറു സൈഡിൽ പൊട്ടിപ്പൊളിഞ്ഞ അലുമിനിയം ഷീറ്റും വിരിച്ച മേൽക്കൂരയ്ക്ക് താഴെയാണ് ഇവരുടെ താമസം.
ചെറിയൊരു മഴ പെയ്താൽ വീടിനകത്ത് വെള്ളം കയറും. തോടിന്റെ മുകളിൽ മൂന്ന് ചെറിയ കോൺക്രീറ്റ് സ്ലാബിലൂടെയാണ് വീട്ടിലേക്കുള്ള വഴി. അയൽവാസികൾ തങ്ങളുടെ സ്ഥലം കൈയേറിയതായും മരങ്ങൾ വെട്ടി നശിപ്പിച്ചതായും ഇവർ പരാതിപ്പെടുന്നു. കയർ പിരിയും വീട്ടുജോലിയുമായാണ് ജീവിക്കുന്നത്.
രോഗികളായ ഇരുവർക്കും നിലവിൽ ജോലിക്ക് പോകാൻ പറ്റുന്നില്ല. വീടിനായി വടക്കേക്കര പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. നാട്ടുകാരുടെ സഹായത്തിലാണ് ഇരുവരും ജീവിക്കുന്നത്. മക്കളില്ലാത്ത രോഗികളായ വയോധിക ദമ്പതികൾ പഞ്ചായത്തിന്റെ കാരുണ്യത്തിനായി കാത്തിരിക്കുന്നു.