അപകടത്തിൽ പരിക്കേറ്റ യാത്രക്കാരനെ എംഎൽഎ ആശുപത്രിയിലെത്തിച്ചു
1431273
Monday, June 24, 2024 5:11 AM IST
പിറവം: ബൈക്കിൽനിന്നും വീണ് റോഡിൽ പരിക്കേറ്റുകിടന്ന യാത്രക്കാരന് അനൂപ് ജേക്കബ് എംഎൽഎ രക്ഷകനായി. ഇന്നലെ ഉച്ചയോടെ പാലാ റോഡിൽ തേക്കുംമൂട്ടിൽപ്പടി ജംഗ്ഷനു സമീപത്താണ് ബൈക്കിൽനിന്നും തെന്നിമറിഞ്ഞ് റോഡിൽ വീണ് പരിക്കുപറ്റിയ ആളെ കണ്ടത്. ഉടനെ എംഎൽഎ തന്റെ കാറിൽ കയറ്റി ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മുളക്കുളത്തുനിന്ന് പിറവത്ത് ഓഫീസിലേക്ക് വരികയായിരുന്നു അനൂപ്. തേക്കുംമൂട്ടിൽപ്പടിയിൽ ആൽക്കൂട്ടം കണ്ടാണ് കാർ നിർത്തിയത്. അപ്പോഴാണ് ബൈക്കിൽനിന്ന് വീണ് നെറ്റിയിൽ മുറിവേറ്റ് രക്തം ഒഴുകുന്ന നിലയിൽ ബൈക്ക് യാത്രക്കാരനായ പെരിയപ്പുറം സ്വദേശി ബാബുവിനെ കണ്ടത്.
ഇയാളെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബന്ധുക്കളെ വിളിച്ചുവരുത്തിയശേഷമാണ് എംഎൽഎ ആശുപത്രിയിൽനിന്നും പോയത്.