ആർടി ഓഫീസ് പ്രവർത്തിക്കാത്തതിൽ കോൺഗ്രസ് പ്രതിഷേധിച്ചു
1431272
Monday, June 24, 2024 5:11 AM IST
കോലഞ്ചേരി: വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ വടയമ്പാത്തുമല വാർഡിൽ നിർമാണം പൂർത്തിയായ തൃപ്പൂണിത്തുറ റീജണൽ സബ് ട്രാൻസ്പോർട്ട് ഓഫീസ് പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പുത്തൻകുരിശ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ മാർച്ച് നടത്തി.
ഡിസിസി സെക്രട്ടറി സുജിത്ത് പോൾ ഉദ്ഘാടനം ചെയ്തു. പുത്തൻകുരിശ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് കാരക്കാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പോൾസൺ പീറ്റർ, യൂത്ത് കോൺഗ്രസ് നിയോജകണ്ഡലം പ്രസിഡന്റ് ജൈസൽ ജബ്ബാർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിന്ദു റെജി, ജോർജ് ചാലിൽ, പി.എസ്. ഷൈജു, അരുൺ പാലിയത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
മുൻ എംഎൽഎ വി.പി. സജീന്ദ്രന്റെ ശ്രമഫലമായിട്ടാണ് നാലേക്കർ സ്ഥലത്തിൽ ഒരേക്കർ തൃപ്പൂണിത്തുറ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനായി സ്ഥലം അനുവദിപ്പിക്കുകയും അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തത്.
കോടിക്കണക്കിന് രൂപ മുടക്കി വാങ്ങിയ ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്. ഏതാനും മാസങ്ങളായിട്ട് സ്ഥലത്ത് മാനുവൽ വാഹന ടെസ്റ്റിംഗ് മാത്രമാണ് നടക്കുന്നത്.