റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ശയനപ്രദക്ഷിണം
1431269
Monday, June 24, 2024 5:11 AM IST
പിറവം: റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് യുവാവ് ചെളിവെള്ളം നിറഞ്ഞ റോഡിലൂടെ ശയനപ്രദക്ഷിണം നടത്തി. പ്രദേശവാസിയും ഐഎൻടിയുസി മുൻ ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന ശ്രീജിത്ത് പാഴൂരാണ് വേറിട്ട സമരവുമായി ഒറ്റയ്ക്ക് വഴിയിലുരുണ്ടത്. വർഷങ്ങളായി തകർന്നുകിടക്കുന്ന പിറവം നഗരസഭയിൽ 25-ാം വാർഡിൽ കുര്യാനിപ്പടി - മനയ്ക്കപ്പടി റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
പാഴൂർ ആറ്റുതീരം റോഡിൽനിന്നുമാണ് ഏതാനും വർഷം മുമ്പ് പാടത്തുകൂടി റോഡ് നിർമിച്ചത്. വഴി പാഴൂർ കുഞ്ഞറമ്പൻ പടിയിലെത്തി കളമ്പൂർ-പിറവം റോഡുമായി കൂട്ടിമുട്ടുകയാണ്. 800 മീറ്ററിലധികം നീളമുള്ള റോഡിന്റെ നിർമാണം പൂർത്തിയായങ്കിലും, ടാർ ചെയ്യാനുള്ള നടപടികളൊന്നുമായിട്ടില്ല. വർഷകാലം തുടങ്ങിയതോടെ റോഡിലൂടെ കാൽനട യാത്രക്കാർക്കു പോലും സഞ്ചരിക്കാൻ പറ്റാത്തയവസ്ഥയാണ്.
പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വർഗീസ് തച്ചിലുകണ്ടം നിർവഹിച്ചു. ബ്ലോക്ക് എക്സിക്യുട്ടീവ് അംഗം വിജു മൈലാടിയിൽ, വിനോദ് ഗായത്രി, സുജാതൻ പാഴൂർ, എൽദോസ് തെക്കുംമറ്റം എന്നിവർ പ്രസംഗിച്ചു.