കിഴക്കൻ മേഖലയിൽ പിടിവിടാതെ ഹെപ്പറ്റൈറ്റിസ് ബിയും ഡെങ്കിപ്പനിയും
1431268
Monday, June 24, 2024 5:11 AM IST
മൂവാറ്റുപുഴ : ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന് പിടിവിടാതെ ഹെപ്പറ്റൈറ്റിസ് ബിയും, ഡെങ്കിപ്പനിയും. നഗരത്തിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയുടെ വാർഡുകളിലും പകർച്ചവ്യാധികൾ വ്യാപിക്കുകയാണ്.
പായിപ്ര പഞ്ചായത്തിൽ ഹെപ്പറ്റൈറ്റിസ് ബിയും, നഗരസഭയുടെ നാല്, അഞ്ച്, ഒൻപത്, 24 ഉൾപ്പെടെയുള്ള വാർഡുകളിൽ ഡെങ്കിപ്പനിയുമാണ് പടരുന്നത്. ജനങ്ങളിൽ ആശങ്ക ഉയർത്തി പകർച്ചവ്യാധികൾ പടരുന്നതോടെ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി.
രോഗബാധിതർ നഗരത്തിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. പായിപ്ര പഞ്ചയത്തിലും, സമീപ പ്രദേശങ്ങളിലുമടക്കം രണ്ട് പേർക്കാണ് ഹെപ്പറ്റൈറ്റിസ് ബി ബാധ സ്ഥിരീകരിച്ചത്. മറ്റ് പകർച്ചവ്യാധികളെ അപേക്ഷിച്ച് രക്തം, ശരീരശ്രവങ്ങൾ എന്നിവയിലൂടെ മാത്രം പകരുന്ന രോഗം പഞ്ചായത്തിൽ സ്ഥിരീകരിച്ചത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ട്. രോഗവ്യാപനം തടയുന്നതിനായി ബോധവത്കരണ പ്രവർത്തനങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ആരോഗ്യപ്രവർത്തകർ.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നഗരത്തിലെ ഊരമന, വാളകം, പായിപ്ര പഞ്ചായത്തുകളിൽ രോഗബാധ ഉണ്ടാവാറുണ്ടെങ്കിലും ഉറവിടം കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് തൃക്കളത്തൂർ സ്വദേശിയായ വയോധികൻ മരിച്ചിരുന്നു. മേക്കാട്ടിൽ എം.എ. ഏബ്രഹഹാം (83) ആയിരുന്നു മരിച്ചത്. കടുത്ത പനി അനുഭവപ്പെട്ട എബ്രഹാം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെങ്കിലും ആരോഗ്യം മോശമായി മരിക്കുകയായിരുന്നു.
നഗരത്തിൽ ഹെപ്പറ്റൈറ്റിസ് ബിക്ക് പുറമേ ഡെങ്കിപ്പനിയും വ്യാപിക്കുകയാണ്. നഗരസഭയിലും മറ്റ് പഞ്ചായത്തുകളിലുമായി 25 ഓളം ആളുകൾക്ക് രോഗം ബാധിച്ചതായാണ് കണക്കുകൾ.
പനി ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സതേടുന്നവരിൽ പലരും ഡെങ്കിപ്പനിയുടെ സമാന ലക്ഷണങ്ങളുള്ളവരാണ്. പനി ബാധിത പ്രദേശങ്ങളിൽ നഗരസഭാധ്യക്ഷനും, നഗരസഭാംഗങ്ങളും, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് പ്രതിരോധ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
രോഗ തീവ്രതയെയും പ്രതിരോധ മാർഗങ്ങളെയും ചികിത്സ രീതികളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വീടുകൾ തോറും ലഘുലേഖകൾ വിതരണം ചെയ്തുവരികയാണ്. കൊതുകുകളുടെ ഉറവിട കേന്ദ്രങ്ങൾ ഇല്ലാതാക്കുന്നതിനും, വെളളംകെട്ടി നിൽക്കുന്നത് ഒഴിവാക്കുന്നതിനുമുളള പ്രവർത്തനമാണ് പ്രധാനമായും സംഘടിപ്പിക്കുന്നത്. ഇതിനായി സ്പ്രേയിംഗ് ഫോഗിംഗ് നടത്തി വരികയാണ്.
പകർച്ചവ്യാധികളുടെ വ്യാപനം ഒഴിവാക്കാൻ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.