ജനറല്‍ ആശുപത്രിയിൽ 1.2 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍
1430966
Sunday, June 23, 2024 5:07 AM IST
കൊച്ചി: നാല്‍പ്പത് കിടക്കകളോടെ മെഡിക്കല്‍ വാര്‍ഡ് നവീകരിച്ചതടക്കം എറണാകുളം ജനറല്‍ ആശുപത്രിയില്‍ 1.2 കോടി രൂപയുടെ വിവിധ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ട്രോമ സമുച്ചയത്തിന്റെ മൂന്നാം നിലയിലേക്ക് മാറ്റിയ മെഡിക്കല്‍ വാര്‍ഡില്‍ ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ സഹായത്തോടെ 40 കിടക്കളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമേ ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് അത്യാധുനിക സൗകര്യങ്ങളോടെ ലേബര്‍ റൂമിന് സമീപത്തേക്ക് മാറ്റി സ്ഥാപിച്ചു.
ജീവനക്കാരുടെ ഏറെ കാലത്തെ ആവശ്യമായിരുന്ന സ്റ്റാഫ് ചെയ്ഞ്ചിംഗ് ആന്‍ഡ് ഡൈനിംഗ് ഏരിയയും നവീകരണത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കി. ഇതോടെ ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും വസ്ത്രം മാറുന്നതിനും ലോക്കര്‍ അടക്കം പുതിയ സംവിധാനം നിലവില്‍ വരും. വിവിധ പദ്ധതികള്‍ക്കായി 90 ലക്ഷം രൂപയും കൊച്ചി കോര്‍പറേഷന്റെ 30 ലക്ഷം രൂപയും ഏകീകരിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
കോര്‍പറേഷന്റെ പ്ലാന്‍ ഫണ്ട് 30 ലക്ഷം രൂപ ഉപയോഗിച്ച് മൈക്രോ ബയോളജി ലാബിലേക്കുള്ള എലൈസ റീഡര്‍, അനലൈസര്‍, ഹിസ്റ്റോപാത്തോളജി ലാബിലേക്കുള്ള ഗ്രോസിംഗ് സ്റ്റേഷന് എന്നിവയും ഉദ്ഘാടനം ചെയ്തു.
ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, കോര്പറേഷന് സ്ഥിരംസമിതി അധ്യക്ഷന്‍ റെനീഷ്, കൗണ്‍സിലര്‍ പത്മജ, ആശുപത്രി സൂപ്രണ്ട് ഡോ. ആര്. ഷാഹിര്‍ഷാ, ആര്‍എംഒ ഡോ. ഷാബ് ഷെരീഫ് നഴ്സിംഗ് സൂപ്രണ്ട് ബിന്ദു കെ. കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.