മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ; പള്ളുരുത്തിയിലെ ജലസംഭരണി വൃത്തിയാക്കിത്തുടങ്ങി
1430960
Sunday, June 23, 2024 5:07 AM IST
പള്ളുരുത്തി: മരുന്നുകട പ്രദേശത്തുള്ള ജല അഥോറിറ്റിയുടെ രണ്ടു കുടിവെള്ള ടാങ്കുകൾ കഴുകി വൃത്തിയാക്കാത്തതു കാരണം സാംക്രമിക രോഗങ്ങൾ പടരാനിടയുണ്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തതിനു പിന്നാലെ ജലസംഭരണി വൃത്തിയാക്കുന്ന ജോലി ജല അഥോറിട്ടി ആരംഭിച്ചു. പൊതുപ്രവർത്തകനും കൊച്ചി നഗരസഭാ മുൻ കൗൺസിലറുമായ തമ്പി സുബ്രഹ്മണ്യം സമർപ്പിച്ച പരാതിയിലാണ് നടപടി.
ടാങ്കിന്റെ പുറം പെയിന്റ് ചെയ്തെങ്കിലും ഉൾവശം കഴുകി വൃത്തിയാക്കി ചെളി നീക്കുന്ന ജോലി ജല അഥോറിറ്റി നടത്തിയിരുന്നില്ല. നേരത്തെ പൊതുപ്രവർത്തകരുടെ സാന്നിധ്യത്തിൽ ടാങ്ക് വൃത്തിയാക്കിയിരുന്നു. മൂന്ന് വർഷത്തോളമായി ടാങ്കിന്റെ ഉൾവശം വൃത്തിയാക്കിയിട്ട്.
ദീർഘകാലം ടാങ്ക് വൃത്തിയാക്കാതെ കിടന്നാൽ ചെളി അടിഞ്ഞ് കൂടുന്നതിനും രോഗാണുക്കൾ വളരുന്ന തിനും കാരണമാകുമെന്ന് തമ്പി സുബ്രഹ്മണ്യം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ ടാങ്ക് വൃത്തിയാക്കുവാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പള്ളുരുത്തിയിലെ ഈ രണ്ട് ടാങ്കുകളിൽ നിന്നാണ് പള്ളുരുത്തി, പെരുമ്പടപ്പ്, ഇടക്കൊച്ചി, കോണം, കച്ചേരിപ്പടി, നമ്പ്യാപുരം, പുല്ലാർദേശം തുടങ്ങിയ ഭാഗങ്ങളിലെല്ലാം വെള്ളം എത്തിക്കുന്നത്. ടാങ്ക് എല്ലാ വർഷവും വൃത്തിയാക്കണമെന്ന് കമ്മീഷൻ നേരത്തെ ഉത്തരവിട്ടിട്ടുണ്ട്.
പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസറും ജല അഥോറിറ്റി കരുവേലിപ്പടി ജംഗ്ഷൻ അസിസ്റ്റന്റ് എക്സിക്യട്ടീവ് എൻജിനീയറും വിഷയം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടിട്ടുണ്ട്.