വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം തട്ടിയയാൾ അറസ്റ്റിൽ
1430941
Sunday, June 23, 2024 4:51 AM IST
വൈപ്പിൻ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം തട്ടിയ കേസിൽ ഇടുക്കി സ്വദേശിയായ യുവാവിനെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ണപ്പുറം മുണ്ടൻമുടി ഭാഗത്ത് വെള്ളാം പറമ്പിൽ വീട്ടിൽ ജോബിയെ (28) യാണ് അറസ്റ്റു ചെയ്തത്.
യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ഞാറക്കൽ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയിൽ നിന്നാണ് ഇയാൾ പണം തട്ടിയത്. ജോബിയുടെ ഉടമസ്ഥതയിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന കൊളംബസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി യുകെയിലേക്ക് ജോലിക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നായിരുന്നു യുവതിയെ ധരിപ്പിച്ചിരുന്നത്.
എന്നാൽ പണം നൽകിയിട്ടും തുടർ നടപടികൾ ഇല്ലാതെ വന്നപ്പോൾ യുവതി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇയാൾ നൽകാൻ കൂട്ടാക്കിയില്ല. കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.