സ്ത്രീത്വത്തെ അപമാനിച്ച സംഭവം: നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് പരാതിക്കാരിയും കുടുംബവും
1430935
Sunday, June 23, 2024 4:51 AM IST
മൂവാറ്റുപുഴ: ഭിന്നശേഷിക്കാരിയായ മകളെയും മാതാവിനെയും അപമാനിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് പരാതിക്കാരിയും കുടുംബാംഗങ്ങളും രംഗത്ത്. പായിപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയാണ് മൂവാറ്റുപുഴ പോലീസിൽ താൻ നൽകിയ പരാതിയിൽ നീതി ലഭിച്ചില്ലെന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.
പരാതിയിൽ നെല്ലിക്കുഴി കെഎസ്ഇബി ഓഫീസിലെ ജീവനക്കാരൻ പായിപ്ര മൈക്രോ ജംഗ്ഷൻ ഇടശേരികുടിയിൽ നസീറിനെതിരെ കേസെടുത്തങ്കിലും അറസ്റ്റുചെയ്യാതെ വിട്ടയക്കുകയായിരുന്നെന്ന് ഇവർ ആരോപിച്ചു.
എന്നെ അപമാനിച്ചതും നിരന്തരം ശല്യം ചെയ്തതും, ഭർത്താവിനെ അക്രമിക്കാൻ ശ്രമിച്ചതും, ജോലിക്ക് പോകുമ്പോള്‍ ബൈക്കിലെത്തി തടഞ്ഞുനിർത്തി തന്നെയും മകളെയും അസഭ്യം പറയുകയും ഭീഷണിപെടുത്തുകയും ചെയ്യുന്നത് പതിവാണെന്നും അടക്കം പോലീസിൽ പരാതിയും, മൊഴിയും നൽകിയിട്ടും നിസാര വകുപ്പ് മാത്രം ചേർത്ത് കേസെടുത്ത് പ്രതിയെ വിട്ടയക്കുകയായിരുന്നെന്ന് അവർ ആരോപിച്ചു.
ഇതിന് ശേഷവും പ്രതി ഭീഷണി തുടരുകയാണ്. സ്കൂൾ ഇല്ലാത്ത ദിവസം മകളെ ഒറ്റയ്ക്ക് വീട്ടിൽ നിർത്തി ജോലിക്ക് പോകാൻ ഭയമാണന്നും, ഏതു സമയവും അക്രമം പ്രതീക്ഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഈ സാഹചര്യത്തിൽ ആത്മഹത്യ അല്ലാതെ മറ്റ് വഴിയില്ലെന്നും അവർ വ്യക്തമാക്കി.
ഭർത്താവിനും ഭിന്നശേഷിക്കാരിയായ മകൾക്കും ഒപ്പമാണ് ഇവർ പത്രസമ്മേളനത്തിന് എത്തിയത്.