പുന്നേക്കാട് കളപ്പാറയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
1430934
Sunday, June 23, 2024 4:51 AM IST
കോതമംഗലം: പുന്നേക്കാട് കളപ്പാറയിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. ചേലമലയോട് ചേർന്നുളള കളപ്പാറ ഭാഗത്ത് നാളുകൾക്ക് ശേഷമാണ് വീണ്ടും കാട്ടാനശല്യമുണ്ടാകുന്നത്. വെള്ളിയാഴ്ച രാത്രിയിലെത്തിയ ആനക്കൂട്ടം ഒറവലക്കുടിയിൽ പൗലോസിന്റെ സ്ഥലത്തെ നിരവധി വാഴകൾ നശിപ്പിച്ചു. കാണിയാട്ട് ബാബുവാണ് കൃഷി ചെയ്തിരുന്നത്.
കഴിഞ്ഞവർഷവും ഇതേ കൃഷിയിടത്തിൽ ആനയെത്തി വാഴ നശിപ്പിച്ചിരുന്നു. പിന്നീടുള്ള രാത്രികളിലെല്ലാം കാവലിരുന്നാണ് വിളവെടുപ്പുവരെ എത്തിച്ചത്. ഈ വർഷം തുടക്കത്തിൽതന്നെ ആന വന്നത് ആശങ്കയുണ്ടാക്കുന്നതായി കർഷകൻ പറഞ്ഞു.
വാഴകൾ ലക്ഷ്യമിട്ട് ഇനിയും ആന വരാനാണ് സാധ്യത. പുത്തയത്ത് ഏലിയാസിന്റെ പുരയിടത്തിലെത്തിയ ആനക്കൂട്ടം വാഴയും കമുകും തെങ്ങും നശിപ്പിച്ചിട്ടുണ്ട്. കൂരികുളം ഭാഗത്തെ ജനവാസമേഖലകളിലേക്ക് ആനക്കൂട്ടം കടക്കുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും കാവലിരുന്നാണ് തടഞ്ഞത്.
തട്ടേക്കാട് പക്ഷിസങ്കേതത്തിൽ കൂട്ടിക്കൽ ഭാഗത്തുനിന്നുമാണ് പെരിയാർകടന്ന് ചേലമലയിലേക്ക് ആനകളെത്തുന്നത്. ആനകളെ തുരത്താൻ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനമെല്ലാം പാഴ്വാക്കായെന്ന് നാട്ടുകാർ പറയുന്നു. ഫെൻസിംഗ് ഉൾപ്പടെയുള്ള പ്രതിരോധ സംവിധാനങ്ങളും ഫലവത്തായില്ല.
ചേലമലയിൽ വീണ്ടും ആനകളെത്തുന്നത് പുന്നേക്കാട് - തട്ടേക്കാട് റോഡിലെ യാത്രക്കാർക്കും ഭീക്ഷണിയാണ്. ആനകൾ റോഡിന് കുറുകെ കടക്കുന്നതാണ് പ്രശ്നം. വന്യമൃഗങ്ങൾ മൂലം റോഡിൽ മുൻപ് അപകടങ്ങളും ആളപായവും സംഭവിച്ചിട്ടുണ്ട്.