കോർപറേഷൻ മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്
1430811
Saturday, June 22, 2024 5:02 AM IST
കൊച്ചി: കൊച്ചി കോര്പറേഷന് വൈറ്റില ഡിവിഷന് കൗണ്‍സിലറും ആര്‍എസ്പി അംഗവുമായ സുനിതാ ഡിക്സണ്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും.
കോണ്‍ഗ്രസില്‍ നിന്ന് അഡ്വ. വി.കെ. മിനിമോളും സിപിഎമ്മില്‍ നിന്ന് ദീപാ വര്‍മയുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിനും സിപിഎമ്മിനും തുല്യ അംഗബലമുള്ള(നാലുവീതം) സമിതിയില്‍ ആര്‍എസ്പി പ്രതിനിധിയായ സുനിതാ ഡിക്സന്റെ നിലപാടാകും നിര്‍ണായകമാകുക. ഇരുവരും ഇന്നു രാവിലെ വരണാധികാരിക്ക് മുന്നില്‍ നോമിനേഷന് നല്‍കും. മിനിമോള്‍ ജയിച്ചാല്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന ഏക സ്ഥിരം സമിതിയാകും ഇത്.
യൂഡിഎഫ് പ്രതിനിധിയായാണ് സുനിതാ ഡിക്സണ്‍ മരാമത്ത് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. രണ്ടുവര്‍ഷത്തിന് ശേഷം ചെയര്മാന് സ്ഥാനം കോണ്‍ഗ്രസിന് നല്‍കാമെന്നായിരുന്നു ധാരണ. രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ രാജിവയ്ക്കാന്‍ യുഡിഎഫ് സുനിതയോട് ആവശ്യപ്പെട്ടു. എന്നാല്‍ സുനിത രാജിക്ക് തയാറായില്ല.
തുടര്‍ന്ന് കോണ്‍ഗ്രസ് സുനിതയ്ക്കെതിരെ അവിശ്വാസം കൊണ്ടുവന്നു. കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന പാര്‍ട്ടി വിപ്പ് ലംഘിച്ച് സുനിത എല്‍ഡിഎഫിനൊപ്പം അവിശ്വാസ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ അവിശ്വാസം തള്ളിപ്പോകുകയും യുഡിഎഫിന്റെ പിന്തുണയില്ലാതെ സുനിത ചെയര്മാന് സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.
ഇതിനിടെ വിപ്പ് ലംഘിച്ച കുറ്റത്തിന് സുനിതയ്ക്കെതിരെ ആര്‍എസ്പിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് നല്കി. പരാതിയില്‍ ഹൈക്കോടതിയില്‍ നിന്നു തിരിച്ചടി നേരിട്ടതോടെ "അയോഗ്യത' ഭയന്ന് കഴിഞ്ഞ ഏപ്രിലില്‍ ചെയര്മാന് സ്ഥാനം രാജിവച്ചു. പെരുമാറ്റ ചട്ടം നിലനിന്നിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് നടന്നില്ല. പെരുമാറ്റ ചട്ടം പിന്‍വലിച്ചതോടെയാണ് ഇതുസംബന്ധിച്ച കാര്യങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് കടന്നത്.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും കഴിഞ്ഞ കൗണ്‍സിലില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയുമായിരുന്ന വി.കെ. മിനിമോളെയാണ് വര്‍ക്സ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് കണ്ടെത്തിയിരിക്കുന്നത്. വിപ്പ് ലംഘിച്ചെന്ന് കാട്ടി മിനിമോള്‍ തന്നെയാണ് സുനിതാ ഡിക്സണിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയതും.
രാജിവച്ച സാഹചര്യത്തില്‍ പരാതി മിനിമോള്‍ പിന്‍വലിച്ചിരുന്നു. ഇടപ്പള്ളി ഡിവിഷന് കൗണ്‍സിലര്‍ ദീപാ വര്‍മയാണ് സിപിഎം സ്ഥാനാര്‍ഥി. അധ്യക്ഷ സ്ഥാനം വനിതാ സംവരണമായതിനാല്‍ എല്‍ഡിഎഫ് അംഗങ്ങളില്‍ ഏക വനിത എന്ന നിലയിലാണ് ദീപയ്ക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചത്.