തീർഥാടകർ സഞ്ചരിച്ച വാഹനം മരത്തിലിടിച്ച് നാലുപേർക്ക് പരിക്ക്
1430164
Wednesday, June 19, 2024 6:11 AM IST
മൂവാറ്റുപുഴ: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി ഒരു കുടുംബത്തിലെ നാലു പേർക്ക് പരിക്ക്. മലപ്പുറം സ്വദേശികളായ നാലംഗസംഘം സഞ്ചരിച്ച കാറാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മൂവാറ്റുപുഴ-ആരക്കുഴ റോഡിൽ മുതുകല്ല് ഷാപ്പുംപടിയിൽ അപകടത്തിൽപെട്ടത്.
അപകടത്തിൽ മലപ്പുറം അരീക്കോട് സ്വദേശികളായ വല്ലയിൽ വേണുഗോപാൽ (64), പദ്മാവതി (54), സുജിത് (44), പ്രേംനിഖിൽ (38) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബരിമല തീർഥാടനത്തിന് ശേഷം തിരികെ മലപ്പുറത്തേക്കു പോകുന്നതിനിടെയാണ് അപകടം. പണ്ടപ്പിള്ളി ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കൊന്ന മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
പരിക്കേറ്റവരെ അഗ്നിശമന രക്ഷാസേനയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മൂവാറ്റുപുഴ - ആരക്കുഴ റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ അഗ്നിശമന രക്ഷാസേനയെത്തി റോഡിൽ നീന്നും വാഹനം നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.