നാൽവർ സംഘം മർദിച്ചതായി പരാതി
1429416
Saturday, June 15, 2024 4:42 AM IST
ആലുവ: ‘പ്രേമം' പാലത്തിലെ അതിരുകടന്ന സല്ലാപം വിലക്കിയ ഗൃഹനാഥനെ രണ്ട് പെൺകുട്ടികളടങ്ങുന്ന നാൽവർ സംഘം മർദിച്ചതായി പരാതി. പ്രേമം സിനിമയിലെ രംഗങ്ങൾ ചിത്രീകരിച്ച തോട്ടക്കാട്ടുകര അക്വഡേറ്റ് പാലത്തിന് സമീപം ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം.
രണ്ട് പെൺകുട്ടികളടങ്ങുന്ന നാൽവർ സംഘത്തിന്റെ ചേഷ്ടകൾ അതിരുവിട്ടതോടെ ഇടപെട്ട പള്ളിപറമ്പിൽ സാജൻ(48)നെ സംഘം വീട്ടിൽ കയറിച്ചെന്ന് മർദിച്ചതായാണ് പരാതി. പാലത്തിന് തൊട്ടു താഴെയാണ് സാജൻ താമസിക്കുന്നത്. തലയിലും മറ്റും മർദനമേറ്റ സാജനെ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ആലുവ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്. മേഖലയിൽ അനാശ്യാസ്യവും മയക്ക് മരുന്നു ഉപയോഗവും വ്യാപകമാണെന്നും ചോദ്യംചെയ്യുന്നവരെ മർദിക്കുന്നത് ഇതിന് മുന്പും ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.