നഗരത്തിലെ വെള്ളക്കെട്ട്: ജനങ്ങളും ഉത്തരവാദികളെന്ന് ഹൈക്കോടതി
1425952
Thursday, May 30, 2024 5:12 AM IST
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് ജനങ്ങളും ഉത്തരവാദികളെന്ന് ഹൈക്കോടതി. പ്ലാസ്റ്റിക് ഉള്‍പ്പെടെ ടണ്‍കണക്കിന് മാലിന്യമാണ് ദിവസവും തോടുകളില്‍ നിന്നും മറ്റും നീക്കുന്നത്. വലിച്ചെറിയുന്ന മാലിന്യം നാളെ വെള്ളക്കെട്ടിനു കാരണമാവുമെന്ന് ആരും തിരിച്ചറിയുന്നില്ല. അധികൃതരുടെ ഭാഗത്ത് കടുത്ത അനാസ്ഥയാണുള്ളത്. മഴക്കാലം തലയ്ക്ക് മുകളില്‍ എത്തിയ ശേഷമാണോ അധികൃതര്‍ ഇടപെടേണ്ടതെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചോദിച്ചു.
ജനങ്ങള്‍ എതിരു നിന്നാല്‍ എന്ത് നടപടിയെടുത്തിട്ടും കാര്യമില്ല. ഇത്തരം സാഹചര്യത്തില്‍ കോടതിക്ക് എന്തുചെയ്യാനാവും. വെള്ളക്കെട്ട് നീക്കാനുള്ള ഉപകരണം ഇതുവരെ പ്രവര്ത്തനക്ഷമമാകാത്തതെന്തെന്നും കോടതി ആരാഞ്ഞു. വെള്ളക്കെട്ട് നിവാരണത്തിനായി കഴിഞ്ഞ മഴക്കാലത്ത് ഉപയോഗിച്ച മെഷീന് അറ്റകുറ്റപ്പണിക്കായി മാറ്റിയിരിക്കുകയാണെന്ന് അമിക്കസ്ക്യൂറി കോടതിയെ അറിയിച്ചിരുന്നു.
വഴിയോരങ്ങളിലെ ബോര്‍ഡുകളും മറ്റും പൊട്ടിവീഴുന്നതും തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ശുചീകരണത്തില്‍ റസിഡന്റ്സ് അസോസിയേഷനുകളും മുന്‍കൈയെടുക്കണം. ജോസ് ജംഗ്ഷന്, പനമ്പിള്ളി നഗര്‍, സെന്റ് മാര്ട്ടിന് റോഡ്, ഇടപ്പള്ളി എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര നടപടി വേണം.
വെള്ളക്കെട്ട് പരിഹരിക്കാന്‍ രൂപീകരിച്ച സമിതിയുടെ നടപടികള്‍ കളക്ടര്‍ വിലയിരുത്തണം. മെട്രോ പാലത്തില്‍ നിന്ന് റോഡിലേക്ക് വെളളം വിഴുന്ന അവസ്ഥയുണ്ടെന്നും ബൈക്ക് യാത്രക്കാര്‍ക്ക് ഇത് അപകടം വരുത്തിവയ്ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച പെയ്തത് സാധാരണ മഴയല്ലെങ്കിലും അധികൃതരുടെടേയും പൊതുജനത്തിന്റെയും കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാണെന്നും കോടതി പറഞ്ഞു.ഇടപ്പള്ളി തോട്ടിലെ മാലിന്യം നീക്കി ഉടന്‍ വൃത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കുറ്റസമ്മതം നടത്തി മേയര്‍
കൊച്ചി: നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്തില് കുറ്റസമ്മതവുമായി മേയര്‍. നിശ്ചയിച്ച സമയത്ത് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതിലും ശുചീകരണ പ്രവൃത്തികള്‍ പരിശോധിക്കുന്നതിലും വീഴ്ച പറ്റിയതായി മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു.
മഴക്കാലപൂര്‍വ ശുചീകരണം ഈ മാസം 15ന് മുന്‍പ് തീര്‍ക്കണമെന്നാണ് കരുതിയത്. മഴ പെയ്തതോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടിരിക്കുകയാണ്. ഏപ്രിലില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മൂലം മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തികള്‍ പരിശോധിക്കുന്നതില്‍ പ്രയാസം നേരിട്ടതായും അദ്ദേഹം പറഞ്ഞു.
പള്ളുരുത്തിയില്‍ ലഘു മേഘവിസ്ഫോടനം മൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. അവിടെ പ്രായോഗികമായി മഴക്കാലപൂര്‍വ ശുചീകരണത്തില്‍ വീഴ്ചയുണ്ടായി. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധ കൊടുക്കും. സക്ഷന്‍ കം ജെറ്റിംഗ് മെഷീന് ഉപയോഗിച്ച് തുടങ്ങിയതോടെ എംജി റോഡില്‍ പത്മ ജംഗ്ഷന് മുതല്‍ മാധവ ഫാര്‍മസി ജംഗ്ഷന് വരെ വെള്ളക്കെട്ടിന് കുറവുണ്ടായിട്ടുണ്ട്.
മുല്ലശേരി കനാലിലും സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തും വെള്ളക്കെട്ടിനിടയായത് ഇറിഗേഷന്‍ വകുപ്പിന്റെ പണികള്‍ പൂര്‍ത്തീകരിക്കാനാകാത്തതിനാലാണ്. പനമ്പിള്ളി നഗറില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നേരത്തെ മുതല്‍ വെള്ളം കയറുന്ന പ്രശ്നമുണ്ട്. പേരണ്ടൂര്‍ കനാല്‍, ജിസിഡിഎ മുതല്‍ തേവര വരെ ക്ലീനിംഗ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.