റോഡ് തകർന്നു; പഞ്ചായത്ത് പരാതിപ്പെട്ടു
1425790
Wednesday, May 29, 2024 4:48 AM IST
വാഴക്കുളം: റോഡ് തകർന്നു യാത്ര ദുരിതമായതു സംബന്ധിച്ച് ആവോലി പഞ്ചായത്തു ഭരണസമിതി പൊതുമരാമത്ത് വകുപ്പിൽ പരാതിപ്പെട്ടു. ആവോലി പഞ്ചായത്ത് ഓഫീസിന് മുന്‍വശത്തുകൂടി കടന്നുപോകുന്ന പഴയ പിഎം റോഡിലൂടെയുള്ള യാത്ര ദുരിതമായതു സംബന്ധിച്ച് പ്രദേശവാസികൾ പഞ്ചായത്തിൽ നിരന്തരം പരാതിപ്പെട്ടിരുന്നു.
ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുടമകളും വാഹനതകരാർ സംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് ഇന്നലെ പരാതി നൽകുകയായിരുന്നു.
അപകടക്കുഴികള്‍ രൂപപ്പെട്ടിട്ട് മാസങ്ങളായെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയാറായിരുന്നില്ല. ചെറിയ കുഴികൾ രൂപപ്പെട്ടപ്പോഴേ ചൂണ്ടിക്കാണിച്ചെങ്കിലും അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയാറായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
മഴ ശക്തമായതോടെ റോഡിലെ കുഴികളില്‍ വെള്ളം നിറയുകയും കുഴികളുടെ ആഴം മനസിലാകാതെ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയും ചെയ്യുന്നുണ്ട്. കാല്‍നട യാത്രക്കാരും ദുരിതത്തിലാണ്. മഴ മാറുന്നതനുസരിച്ച് റോഡിലെ കുഴികളടക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ് പറഞ്ഞു.