മൂവാറ്റുപുഴ പുളിഞ്ചുവട് കവലയിൽ എംസി റോഡ് നവീകരിക്കണം
1425789
Wednesday, May 29, 2024 4:48 AM IST
മൂവാറ്റുപുഴ: എംസി റോഡിൽ പുളിഞ്ചുവട് കവലയിൽ അടിയന്തരമായി റോഡ് നവീകരണം നടത്തണമെന്ന ആവശ്യം ശക്തം. കവലയിൽ 800 മീറ്റർ ദൂരം റോഡ് ടൈൽ ഇളകിയതിനാൽ അപകടങ്ങൾ പതിവാണ്. 2018ൽ ശബരി പാക്കേജിൽനിന്ന് 15 കോടി അനുവദിച്ചാണ് മൂവാറ്റുപുഴ - പെരുന്പാവൂർ റോഡ് നവീകരിച്ചത്. മത്സ്യ മാർക്കറ്റിന് സമീപം ടാറിംഗ് പലതവണ ചെയ്തപ്പോഴും റോഡ് പൊളിയുന്ന സാഹചര്യം കണക്കാക്കിയാണ് 800 മീറ്റർ ടൈൽ ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കിയത്.
ആറ് വർഷത്തിനിടെ യാതൊരു അറ്റകുറ്റപ്പണികളും ചെയ്യാത്തതിനെ തുടർന്ന് ഇപ്പോൾ റോഡ് സഞ്ചാരയോഗ്യമല്ലാതായി. ഇരുചക്രവാഹന യാത്രക്കാർ തുടർച്ചയായി അപകടത്തിൽപ്പെടുന്ന സാഹചര്യമാണുള്ളത്.
എംസി റോഡുവഴി കടന്നുപോകുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഇതുവഴിയുള്ള യാത്ര ദുരിതയാത്രയായി മാറിയിരിക്കുകയാണ്. എംസി റോഡിന്റെ സംരക്ഷണ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പിന്റെ അറ്റകുറ്റപ്പണി വിഭാഗം അടിയന്തര ശ്രദ്ധ നൽകി റോഡ് നന്നാക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
രണ്ട് മാസം മുൻപ് കെഎസ്ടിപി ചീഫ് എൻജിനീയർ സ്ഥലം സന്ദർശിച്ച് മടങ്ങിയെങ്കിലും നടപടികൾ എങ്ങും എത്തിയില്ല. എംസി റോഡിന്റെ നവീകരണം അടിയന്തരമായി നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ എൽദോ ഏബ്രഹാം മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നൽകി.