ചേന്ദമംഗലം സഹ. ബാങ്കിലെ വായ്പാ തട്ടിപ്പ് : ഭരണസമിതിയും മുൻ സെക്രട്ടറിമാരും ഉത്തരവാദികളെന്ന്
1425782
Wednesday, May 29, 2024 4:35 AM IST
പറവൂർ: കോൺഗ്രസ് ഭരിക്കുന്ന ചേന്ദമംഗലം സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് സംബന്ധിച്ച് നടന്ന അന്വേഷണത്തിൽ 20.4 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് 13 ഭരണ സമിതി അംഗങ്ങൾ, മൂന്ന് മുൻ സെക്രടറിമാർ എന്നിവർക്ക് നഷ്ടത്തിന്റെ ഉത്തരവാദിത്തം ചുമത്തി ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടു. ബാങ്കിന്റെ പണം കൈകാര്യം ചെയ്യുന്നതിൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാതെ മനപൂർവം വീഴ്ച വരുത്തിയതിനാൽ ബാങ്കിന് നഷ്ടം സംഭവിച്ചെന്നും ഉത്തരവിലുണ്ട്.
ഡിസിസി അംഗവും ബാങ്ക് പ്രസിഡന്റുമായ കെ. ശിവശങ്കരൻ, വൈസ് പ്രസിഡന്റ് കെ.ജി. റാഫേൽ, ഭരണസമിതി അംഗങ്ങളായ ബ്ലോക്ക് പഞ്ചായത്തംഗം പി.വി. മണി, പഞ്ചായത്തംഗങ്ങളായ വി.എം. മണി, ജോമി ജോസി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മനോഹർ, സി.പി. ഉണ്ണികൃഷ്ണൻ, പി. ഭരതൻ, കെ.കെ. ജിജു, കെ. കൃഷ്ണൻകുട്ടി, കെ.പി. ത്രേസ്യാമ്മ, കെ.കെ. വിലാസിനി,
അരുൺ പി. ജോർജ് എന്നിവർക്കും, മുൻ സെക്രട്ടറിമാരായ പി.എഫ്. സാലി, ഡി. മുരളീധരൻ, ടി.വി. ഔസേഫ് എന്നിവരടക്കം 16 പേരിൽ നിന്നായി 20.4 കോടി രൂപ ഈടാക്കി ബാങ്കിന്റെ സാമ്പത്തിക ഭദ്രത സംരക്ഷിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ക്രമക്കേടിന് കൂട്ടുനിൽക്കാതെ വിയോജനക്കുറിപ്പ് എഴുതിയ ഭരണസമിതി അംഗം ലിജോ കൊടിയനെ നഷ്ടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിലം ഈടായി സ്വീകരിച്ച് അധിക മതിപ്പുവില കണക്കാക്കി 25 ലക്ഷം രൂപയുടെ 66 വായ്പകളാണ് സമിതി ക്രമവിരുദ്ധമായി നൽകിയത്. 28.47 ലക്ഷം രൂപ മുതൽ 1.59 കോടി രൂപ വരെ ഓരോരുത്തരും തിരിച്ചടക്കേണ്ടി വരും. ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം പലിശ സഹിതം ഇവരിൽ നിന്ന് ഈടാക്കുന്നതിനും, അല്ലാത്തപക്ഷം റവന്യു റിക്കവറി അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതിനും ബാങ്ക് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സഹകരണ വകുപ്പിന്റെ അന്വേഷണത്തിനെതിരേ ബാങ്ക് ഭരണസമിതി ഹൈക്കോടതിയിൽ കേസ് കൊടുത്തെങ്കിലും അന്വേഷണ റിപ്പോർട്ടിൻമേൽ ആവശ്യമായ തുടർനടപടി സ്വീകരിക്കാൻ ജില്ലാ ജോയിന്റ് രജിസ്ട്രാറോട് ഹൈക്കോടതിയും നിർദേശിക്കുകയായിരുന്നു.