മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത
1425776
Wednesday, May 29, 2024 4:35 AM IST
കൊച്ചി: കുറഞ്ഞ സമയംകൊണ്ട് വലിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്കുന്നു.
സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ക്യാമ്പുകളിലേക്ക് മാറണം. അടച്ചുറപ്പില്ലാത്ത വീടുകളിലും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവര്‍ അപകടാവസ്ഥ മുന്നില്‍ കണ്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍, ഹോര്‍ഡിംഗ്സുകള്‍ എന്നിവ സുരക്ഷിതമാക്കണം.
തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുമ്പോള്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ ജലാശയങ്ങളില്‍ കുളിക്കാനോ മീന്‍പിടിക്കാനോ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.
വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.
കണ്ട്രോള് റൂം തുറന്നു
മഴക്കെടുതിയും അപകടസാധ്യതകളും വിളിച്ചറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നു. ജില്ലാ, താലൂക്ക് തലങ്ങളിലാണ് കണ്ട്രോള് റൂമുകള്‍ തുറന്നിരിക്കുന്നത്. 1077, 1070 എന്നതാണ് കണ്ട്രോള് റൂം നമ്പറുകള്‍.
1056 ൽ വിളിക്കണം
മഴക്കാലത്ത് വൈദ്യുതി ലൈനുകള്‍ പൊട്ടി വീണ് അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഇത്തരം അപകട സാധ്യതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1056 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകടസാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവര്‍, ക്ലാസുകളില്‍ പോകുന്ന കുട്ടികള്‍ തുടങ്ങിയവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.