വ്യാജ പണമിടപാട്: സിഎംആര്‍എല്ലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ പോലീസ് മേധാവിക്ക് കത്ത് നല്‍കിയെന്ന് ഇഡി
1425587
Tuesday, May 28, 2024 7:42 AM IST
കൊച്ചി: വ്യാജ പണമിടപാട് നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്ലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്തു നല്‍കിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് 27നാണ് സംസ്ഥാന പോലീസ് മേധാവിക്ക് ആദ്യം കത്തു നല്‍കിയത്. വഞ്ചന, ഗൂഢാലോചന തുടങ്ങിയവ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് കണ്ടെത്തിയത്. ഏപ്രില്‍ 10ന് വീണ്ടും കത്ത് നല്‍കിയെങ്കിലും നടപടിയായില്ല.
എക്സാലോജിക്ക്-സിഎംആര്‍എല്‍ അനധികൃത പണമിടപാട് സംബന്ധിച്ച കേസില്‍ ഇഡിയുടെ അന്വേഷണവും നടപടികളും സമന്‍സും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എലും ഉദ്യോഗസ്ഥരും നല്കിയ ഹര്‍ജിയില്‍ ഇഡി കൊച്ചി സോണല്‍ അസി. ഡയറക്ടര്‍ നല്കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജി വീണ്ടും ജൂണ്‍ ഏഴിന് പരിഗണിക്കാന്‍ മാറ്റി.
ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വകുപ്പ് 420, 411, 421, 424 എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ട് എന്ന് പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. 2019 ജനുവരിയില്‍ ആദായനികുതി വകുപ്പ് സിഎംആര്‍എല്ലില്‍ റെയ്ഡ് നടത്തി ചെലവുകള്‍ പെരുപ്പിച്ചുകാട്ടി 132.82 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തി.
വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്ക് 1.72 കോടി നല്കിയതും വിവിധ അന്വേഷണങ്ങളില്‍ വെളിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. നിയമ പ്രകാരമുള്ള കുറ്റകൃത്യം കണ്ടെത്തിയാല്‍ ആര്‍ക്കും സമന്‍സ് അയക്കാനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്ന് ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു. ഷെഡ്യൂള്‍ഡ് കുറ്റകൃത്യം ഇല്ലാത്തതിനാല്‍ ഇഡിക്ക് അന്വേഷണം നടത്താനാകില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സമന്‍സ് അയച്ചതിന് പിന്നാലെ ഇസിഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെടുന്നത് അപക്വമാണ്. സമന്‍സ് അയച്ചതിലൂടെ ഹര്‍ജിക്കാര്‍ കുറ്റക്കാരാണെന്നല്ല അര്‍ഥം.
സമന്‍സ് ഒഴിവാക്കാന്‍ ആര്‍ക്കും കഴിയില്ല. ആഭ്യന്തര രേഖ ആയതിനാല്‍ ഇസിഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടാനാകില്ല. സെറ്റില്‍മെന്റ് കമീഷണറുടെ ഉത്തരവ് രഹസ്യ സ്വഭാവമുള്ളതാണെന്ന വാദം തെറ്റാണന്നും ഇഡി കോടതിയെ അറിയിച്ചു.