മഴയെത്തിയിട്ടും പൊടിപൊടിച്ച് പനനൊങ്ക് കച്ചവടം
1425565
Tuesday, May 28, 2024 7:41 AM IST
മൂവാറ്റുപുഴ: നഗരത്തിൽ പനനൊങ്ക് വിൽപ്പന സജീവമാകുന്നു. മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിന് സമീപമാണ് തമിഴ്നാട് സ്വദേശി മുരുകന്റെ പനനൊങ്ക് കച്ചവടം പൊടി പൊടിക്കുന്നത്. തെങ്കാശിയിൽ നിന്ന് എത്തിക്കുന്ന പനനൊങ്കുമായി ഒരാഴ്ചയിലേറെയായി മുരുകൻ മൂവാറ്റുപുഴയിൽ കച്ചവടം ആരംഭിച്ചിട്ട്.
വേനൽക്കാലത്തിന് അവസാനം കുറിച്ച് വേനൽമഴ എത്തിയെങ്കിലും പനനൊങ്കിന് മൂവാറ്റുപുഴയിൽ ആവശ്യക്കാർ ഏറെയാണ്. ഒരു പനനൊങ്കിന് 18 രൂപ നിരക്കിലാണ് വിൽപ്പന. ഒന്‍പതെണ്ണം വരുന്ന ഒരു സെറ്റിന്ന് നൂറുരൂപയാണ് വില. നൊങ്ക് ചെത്തി കണ്ണുകൾ മാത്രമായി പ്ലാസ്റ്റിക് കവറിലിട്ടാണ് നൽകുന്നത്. വാഹനങ്ങളിൽ വരുന്നവർ കൂട്ടത്തോടെ നൊങ്ക് വാങ്ങി കൊണ്ടുപോകുന്നുമുണ്ട്. പെണ്കരിന്പനകളിൽ നിന്ന് ശേഖരിക്കുന്ന മധുരമുള്ള നൊങ്കാണ് പാതയോരത്ത് വിൽക്കുന്നത്. കൂത്താട്ടുകുളം മൂവാറ്റുപുഴ റൂട്ടിലും, കോതമംഗലത്തുമാണ് മുരുകൻ നൊങ്ക് വിൽപ്പന നടത്തുന്നത്. രാവിലെ എട്ടു മുതൽ വൈകുന്നേരം എട്ടു വരെയാണ് കച്ചവടം.
തമിഴ്നാട് സ്വദേശിയായ മുരുകൻ പെരുന്പാവൂരിൽ താമസിച്ചാണ് ജില്ലയുടെ വിവിധയിടങ്ങളിൽ കച്ചവടം നടത്തിവരുന്നത്. പത്തുവർഷമായി കേരളത്തിലെ വിവിധയിടങ്ങളിലായി കച്ചവടം നടത്തുകയാണ് മുരുകൻ. നിരവധി പേരാണ് നൊങ്ക് വാങ്ങാനായി എത്തുന്നതെന്നും നല്ല കച്ചവടം ലഭിക്കുന്നുണ്ടെന്നും വ്യാപാരിയായ മുരുകൻ പറയുന്നു.