മത്സ്യക്കുരുതി: കുണ്ടന്നൂരിലെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം
1425336
Monday, May 27, 2024 6:55 AM IST
മരട്: കുണ്ടന്നൂരിൽ മത്സ്യക്കൂട് കൃഷിയിൽ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിൽ കർഷകർക്കുണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. കഴിഞ്ഞ ദിവസം മുതലാണ് കായലില്‍ കൂട് മത്സ്യക്കൃഷി ചെയ്യുന്നവരുടെ മീനുകൾ ചത്തുപൊങ്ങാൻ തുടങ്ങിയത്. ഇവിടെ കൂട് മത്സ്യക്കൃഷി നടത്തുന്നവരുടെയെല്ലാം മത്സ്യങ്ങളും ചത്തു പോയെന്ന് കർഷകർ പറഞ്ഞു.
കാളാഞ്ചിയും കരിമീനും ഉൾപ്പെടെ ആയിരത്തിലധികം കിലോ വരുന്ന മീനുകളാണ് നഷ്ടമായത്. കായലിലെ മത്സ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ചത്ത് പൊങ്ങി ഒഴുകിനടന്നിരുന്നു. അതിനു ശേഷമാണ് കൂടുകളിലെ മത്സ്യങ്ങൾ ചത്തത്. മരടിലെ ഫ്ലാറ്റ് പൊളിച്ചപ്പോൾ വൻ നഷ്ടം നേരിട്ട കർഷകർക്കാണ് ഇപ്പോൾ വീണ്ടും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായത്.
ഫ്ലാറ്റ് പൊളിച്ചപ്പോൾ തങ്ങൾക്കുണ്ടായ നഷ്ട പരിഹാരം വർഷങ്ങൾ കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല. അതിനിടയിലാണ് ഇങ്ങനെയൊരു സംഭവമെന്നും പെരിയാറിലെ രാസമാലിന്യം കലർന്ന വെള്ളം ഇവിടേക്ക് ഒഴുകിയെത്തിയതാകാമെന്ന സംശയമുണ്ടെന്നും സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും കർഷകൻ ജാക്സൺ സിമേന്തി പറഞ്ഞു.
സർക്കാർ, കുഫോസ്, ഫിഷറീസ്, പൊലീസ്, നഗരസഭ തുടങ്ങിയവയ്ക്ക് പരാതി നൽകാനൊരുങ്ങുകയാണ് കർഷകർ. ഈ കായലിൽ ആദ്യം കൂട് കൃഷി തുടങ്ങിയത് മഹാത്മ സ്വാശ്രയ സംഘമാണ്.15 പേർ ചേർന്ന ഒരു കൂട്ടായ്മയാണ് ഇവിടെ വലിയ രീതിയിൽ മത്സ്യക്കൃഷി നടത്തുന്നത്. ഇവർക്കാണ് കൂടുതൽ നഷ്ടം സംഭവിച്ചത്. കുഫോസ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ അമോണിയം സൾഫൈഡ് ജലത്തിൽ ഉള്ളതായും ഓക്സിജന്റെ അളവും ഉപ്പിന്റെ അംശവും തീരെയില്ലെന്നും കണ്ടെത്തി.