എടയപ്പുറത്തുനിന്ന് കാണാതായ പെൺകുട്ടിയെ മണിക്കൂറുകൾക്കുള്ളിൽ അങ്കമാലിയിൽ കണ്ടെത്തി
1425330
Monday, May 27, 2024 6:55 AM IST
ആലുവ: ആലുവ എടയപ്പുറത്തുനിന്ന് കാണാതായ 12 കാരിയെ മണിക്കൂറുകൾക്കുള്ളിൽ അങ്കമാലിയിൽ നിന്ന് കണ്ടെത്തി. അങ്കമാലി റെയിൽവേ സ്റ്റേഷനു സമീപം അതിഥിത്തൊഴിലാളികൾ താമസിക്കുന്നിടത്ത് നിന്നാണ് രാത്രി 9.30 ഓടെ ആലുവ പോലീസ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യക്കാരായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
പെൺകുട്ടി ഒപ്പമുണ്ടെന്ന് പറഞ്ഞ് ഇവർ ബന്ധുക്കളെ ഫോണിൽ വിളിച്ചു. ഈ നമ്പർ കേന്ദ്രീകരിച്ചാണ് പോലീസ് അങ്കമാലിയിൽ എത്തി പെൺകുട്ടിയെ കണ്ടത്തിയത്.
കീഴ്മാട് ഗ്രാമപഞ്ചായത്തിലെ എടയപ്പുറം ജമാഅത്ത് ഹാളിന് സമീപം താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയുടെ 12കാരിയായ മകളെ ഇന്നലെ വൈകിട്ട് അഞ്ചു മുതലാണ് കാണാതായത്. സമീപത്തെ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ പെൺകുട്ടി തിരിച്ചെത്താതെ വന്നപ്പോഴാണ് വീട്ടുകാർ സംഭവം അറിഞ്ഞത്.
ഉത്തരേന്ത്യക്കാരായ മൂന്ന് യുവാക്കളെ പെൺകുട്ടി താമസിക്കുന്ന വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതായി പരിസരവാസികൾ മൊഴി നൽകി. സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നാണ് പരാതിപ്പെട്ട് പിതാവ് ആലുവ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അങ്കമാലിയിൽ നാലര മണിക്കൂറിനുള്ളിൽ നിന്ന് ലഭിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ നാല് വർഷമായി എടയപ്പുറത്ത് വാടകവീട്ടിലാണ് താമസിക്കുന്നത്.
കോൽക്കത്തയിൽ ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ രണ്ടു മാസം മുമ്പ് എടയപ്പുറത്തേക്ക് കൊണ്ടുവരികയായിരുന്നു. കോൽക്കത്തയിൽ തിരികെ എത്തിക്കാം എന്നു പറഞ്ഞാണ് പെൺകുട്ടിയെ സംഘം കൂട്ടിക്കൊണ്ടുപോയതെന്ന് പറയുന്നു.