ആലങ്ങാട്, കുന്നേൽപള്ളി മേഖലകളിൽ മോഷണശ്രമം
1425328
Monday, May 27, 2024 6:55 AM IST
ആലങ്ങാട്: ആലങ്ങാട്, കുന്നേൽപള്ളി പ്രദേശങ്ങളിൽ മോഷണശ്രമം. കുന്നേൽപള്ളിയുടെ എഴുവച്ചിറ കവലയിലെ കപ്പേളയിലും ആലങ്ങാട് ആകാശവാണി സ്റ്റോപ്പിന് സമീപത്തുള്ള വീട്ടിലുമാണു മോഷണശ്രമം നടന്നത്.
ഇന്നലെ പുലർച്ചെ എഴുവച്ചിറ കപ്പേളയിലെ നേർച്ചക്കുറ്റിയാണ് കുത്തിതുറക്കാൻ ശ്രമിച്ചത്. കപ്പേളയുടെ മതിലിനോടു ചേർന്നുള്ള നേർച്ചക്കുറ്റിയായതിനാൽ നേർച്ചക്കുറ്റിയുടെ പൂട്ട് പാരകൊണ്ടു കുത്തിപ്പൊളിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഷീറ്റിൽ പൂട്ട് കുടങ്ങിയതിനാൽ നേർച്ചക്കുറ്റിയുടെ പൂട്ട് തുറക്കാൻ സാധിച്ചില്ല. അതിനാൽ പണം നഷ്ടപ്പെട്ടിരുന്നില്ല.
മോഷ്ടാക്കൾ നേർച്ചക്കുറ്റി തുറക്കാൻ ശ്രമം നടത്തുന്നതിനിടയിൽ നേർച്ചക്കുറ്റി സ്ഥാപിച്ചിട്ടുള്ള മതിൽ പൊളിഞ്ഞു. കൂടാതെ ആലങ്ങാട് ആകാശവാണി സ്റ്റേപ്പിനു സമീപമുള്ള മേരി മണവാളന്റെ വീട്ടിലാണു കഴിഞ്ഞദിവസം മോഷണശ്രമം നടന്നത്. വീടു കുത്തിപ്പൊളിച്ച് അകത്തു കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു വീട്ടുകാർ പറഞ്ഞു. വിലപിടിപ്പുള്ള സാധനങ്ങളെല്ലാം ഇവർ മറ്റൊരു വീട്ടിലേക്കു മാറ്റി സൂക്ഷിച്ചിരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഇരു സ്ഥലങ്ങളിലും ആലങ്ങാട് പോലീസ് പരിശോധന നടത്തി. ഇരു സ്ഥലങ്ങളിലും നിന്നും പണം നഷ്ടപ്പെട്ടിട്ടില്ല.
ഏതാനും ദിവസങ്ങൾക്ക് മുൻപ് വെളിയത്തുനാട് പറേലിപ്പള്ളത്ത് കട കുത്തിത്തുറന്നു മോഷണം നടന്നിരുന്നു. 20,000 രൂപയുടെ പലചരക്കു സാധനങ്ങളും 5000 രൂപയും മോഷണം പോയിരുന്നു. അതിനു പിന്നാലെയാണ് ഈ ഭാഗത്തു രണ്ടിടത്തായി മോഷണം നടന്നിരിക്കുന്നത്. ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടു യുവാക്കളാണ് അന്ന് മോഷണം നടത്തിയത്. ആലങ്ങാട്- കരുമാലൂർ മേഖല കേന്ദ്രീകരിച്ച് അടിക്കടി മോഷണങ്ങൾ നടക്കാൻ തുടങ്ങിയോടെ നാട്ടുകാർ ഭീതിയിലാണ്.
സംശയാസ്പദമായ രീതിയിൽ പലയിടത്തും ഹെൽമറ്റ് ധരിച്ചെത്തിയ യുവാക്കളുടെ സംഘം ചുറ്റിത്തിരിയുന്നതായി നാട്ടുകാർ പറഞ്ഞു. പോലീസ് പരിശോധന കർശനമാക്കണമെന്ന് പഞ്ചായത്ത് അംഗം കെ.ആർ. ബിജു പറഞ്ഞു.