‘ആശാവർക്കർമാരോട് മോശം പെരുമാറ്റവും അവഗണനയും’
1425326
Monday, May 27, 2024 6:55 AM IST
കരുമാലൂർ: ആശാവർക്കർമാരോട് മോശം പെരുമാറ്റവും അവഗണനയും നടന്നതായി പരാതി. കുടുംബാരോഗ്യ കേന്ദ്രം എൽഎച്ച്ഐ സൂപ്പർവൈസർ, എംഎൽഎസ്പി എന്നിവർക്കെതിരെ കരുമാലൂർ പഞ്ചായത്ത് അധികൃതർക്കു പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ കരുമാലൂർ പഞ്ചായത്ത് കമ്മിറ്റി ചേർന്ന് സംഭവം വിശദമായി അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ ചുമതലപ്പെടുത്തി. എന്നാൽ പരാതി കൊടുത്തതിനെതുടർന്നു മഴക്കാലപൂർവ ശുചീകരണമെന്ന പേരിൽ വിളിച്ചു ചേർത്ത യോഗത്തിൽ ആശാവർക്കർമാരെ ചോദ്യം ചെയ്യാൻ ശ്രമം നടന്നു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കർ ഓഫീസർ, എൻഎച്ച്എം ഡോക്ടർമാർ, ആശാവർക്കേഴ്സ് ജില്ലാ കോ ഓർഡിനേറ്റർ എന്നിവരടങ്ങുന്ന സംഘമാണു ചോദ്യം ചെയ്തത്.
കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ആശാവർക്കർമാർക്കെതിരെ വാക്കേറ്റവും ചോദ്യം ചെയ്യലും നടക്കുന്നത് അറിഞ്ഞെത്തിയ കരുമാലൂർ പഞ്ചായത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയും ഈ നിലപാടിൽ പ്രതിഷേധിച്ചു മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ തിരിയുകയും ചെയ്തു.
നേരത്തെ തന്നെ കരുമാലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേരിപ്പോര് രൂക്ഷമാണ്. രണ്ടു മാസം മുൻപാണു മെഡിക്കൽ ഓഫീസർ ഹെൽത്ത് ഇൻസ്പെക്ടർമാരെ കൂട്ടത്തോടെ സ്ഥലമാറ്റാൻ ശ്രമം നടത്തിയത്. അന്നു ഹെൽത്ത് ഇൻസ്പെക്ടർമാർ കൂട്ടത്തോടെ കോടതിയെ സമീപിച്ചതോടെ സ്ഥലമാറ്റ ഉത്തരവിനു സ്റ്റേ ലഭിച്ചിരുന്നു. പിന്നീടു പഴയ മെഡിക്കൽ ഓഫീസർ സ്ഥലം മാറി പോയിരുന്നു. എന്നാൽ പുതുതായി ചാർജെടുത്ത മെഡിക്കൽ ഓഫീസർ, എൻഎച്ച്എം, എംഎൽഎസ്പി ജീവനക്കാർ ചേർന്ന് ആശാവർക്കർമാരോടു മേശം സമീപനവും അവഗണനയും കാണിക്കുന്നതായി ആക്ഷേപം ഉയർന്നിരിക്കുകയാണ്. ഇതാണു പരാതിയിലും പഞ്ചായത്തിന്റെ ഇടപെടലിലും കലാശിച്ചത്.