പരപ്പൻചിറയിലും കാട്ടാനക്കൂട്ടം
1425319
Monday, May 27, 2024 6:55 AM IST
കോതമംഗലം: മാലിപ്പാറക്ക് സമീപം പരപ്പന്ചിറയിലും കാട്ടാനയെത്തി. പരപ്പന്‍ചിറ പുതുക്കുന്നത്ത് പുത്തന്‍പുര മാത്യൂസിന്റെ പുരയിടത്തില്‍ എത്തിയ ആനക്കൂട്ടം കയ്യാല തകര്‍ക്കുകയും പൈനാപ്പിള്‍ ചെടികള്‍ നശിപ്പിക്കുകയും ചെയ്തു.
പുരയിടത്തിലെ പ്ലാവുകളില്‍നിന്ന് ചക്കപ്പഴം തിന്നാണ് ആനകള്‍ മടങ്ങിയത്. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് സംഭവം. പൈനാപ്പിള്‍ കൃഷിയുടെ സുരക്ഷക്കായി കെട്ടിയ വലയും രണ്ടിടത്ത് കയ്യാലയും തകര്‍ത്തു. പരപ്പന്‍ചിറ ഭാഗത്ത് ആദ്യമായിട്ടാണ് ആനക്കൂട്ടം എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
കുട്ടമ്പുഴ പിണവൂര്‍കുടി സിറ്റിക്ക് സമീപം ഇന്നലെ രാവിലെ ഏഴിന് ആനകള്‍ എത്തിയത് പരിഭ്രാന്തി പടര്‍ത്തി. പിണവൂര്‍കുടി ട്രൈബല്‍ ഹോസ്റ്റലിനും സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിക്കും വിളിപ്പാടകലെ റോഡ് കുറുകെ കടന്നാണ് ആനക്കൂട്ടം പോയത്. ആനന്ദംകുടി ഭാഗത്ത് മൂന്ന് ദിവസമായി ആനകളുടെ വിളയാട്ടമാണ്. ഇന്നലെ രാത്രി ഏഴരയോടെ എത്തിയ ആനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് ഓടിക്കുകയായിരുന്നു. പത്തോളം കുടുംബങ്ങളുടെ വിവിധ കൃഷികള്‍ നശിപ്പിച്ചു. ഓരോരുത്തര്‍ക്കും പതിനായിരങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്.
ആനയെ തുരത്താനുള്ള ആര്‍ആര്‍ടി സംഘം എത്തിയില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ആനശല്യത്തെ ചൊല്ലി ആര്‍ആര്‍ടി സംഘവും ആദിവാസികളും തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തില്‍ കലാശിച്ചിരുന്നു. വനപാലകരെ ആക്രമിച്ച രണ്ട് ആദിവാസി യുവാക്കളെ അറസ്റ്റും ചെയ്തു.