ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ആദരം
1425317
Monday, May 27, 2024 6:55 AM IST
മൂവാറ്റുപുഴ : പായിപ്ര പഞ്ചായത്തിലെ 19, 20 വാർഡുകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കലും, വിദ്യാർഥികളുടെ ഭാവിക്കാവശ്യമായ മാർഗനിർദേശ ക്ലാസും സംഘടിപ്പിച്ചു. തൃക്കളത്തൂർ എസ്സിഎം ഹാളിൽ നടന്ന ദിശ 2024 മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച മാർഗനിർദ്ദേശ ക്ലാസ് മെന്റർ പ്രേംലാൽ നയിച്ചു.
പായിപ്ര മുൻ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായ പള്ളി വികാരി ഫാ. ജോബി പുളിഞ്ചിയിൽ, ജില്ലാ പഞ്ചായത്തംഗം ഷാന്റി അബ്രഹാം, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റീന സജി, പഞ്ചായത്തംഗം എൽജി റോയി, പ്രോഗ്രാം കോ - ഓർഡിനേറ്റർ എ.സി. സുനിൽ, മൂവാറ്റുപുഴ വിദ്യാ വനിതാ കോളജ് പ്രിൻസിപ്പൽ പായിപ്ര ദമനൻ തുടങ്ങിയവർ പ്രസംഗിച്ചു.
മുവാറ്റുപുഴ: മുളവൂർ അറേക്കാട് ദേവീക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ക്ഷേത്രം മേൽശാന്തി എം.ഡി. ഹരികുമാർ നന്പൂതിരി വിദ്യാർഥികൾക്ക് മെമന്റോ നൽകി. പി.എസ്. ശ്രീകുമാർ, ഉപദേശക സമിതി പ്രസിഡന്റ് വി.ഡി. സിജു, സെക്രട്ടറി എ.ജി. ബാലകൃഷ്ണൻ, കെ.എൽ. ഗിരീഷ്, എ.എച്ച്. മെബിൻ, പ്രതീഷ് പ്രഭാകരൻ, കെ.എസ്. സനോജ്, മോഹനൻ, മഹേഷ് എന്നിവർ പങ്കെടുത്തു.
മൂവാറ്റുപുഴ: എംഎസ്എഫിന്റെ നേതൃത്വത്തിൽ പായിപ്ര പഞ്ചായത്തിലെ 14-ാം വാർഡിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി ശിഹാബ് അലി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് വാർഡ് സെക്രട്ടറി സിനാജ് ഇലവുംകുടിയിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് ഇസ്മായിൽ പുള്ളിച്ചാലിൽ ഉപഹാര സമർപ്പണം നടത്തി.
പാലക്കുഴ: ബിജെപി പാലക്കുഴ പഞ്ചായത്ത് കമ്മിറ്റിയും വിവേകാനന്ദ ഫൗണ്ടേഷനും സംയുക്തമായി എസ്എസ്എൽസി, പ്ലസ് ടു പരിക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു. പാലക്കുഴ ക്ഷീരോദ്പാദക സഹകരണ സംഘം ഹാളിൽ നടന്ന പരിപാടി ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.കെ. ബസിന്ത് കുമാർ ഉദ്ഘാടനം ചെയ്തു.
പാലക്കുഴ പഞ്ചായത്ത് സമിതി പ്രസിഡന്റ് അജിത്ത് വി. ഗോവിന്ദ് അധ്യക്ഷതവഹിച്ചു. ബിജെപി ജില്ല വൈസ് പ്രസിഡന്റ് ഇ.റ്റി. നാടരാജൻ മുഖ്യ പ്രഭാഷണം നടത്തി.