അയ്യമ്പുഴ ഗിഫ്റ്റ് സിറ്റി : സ്ഥലമുടമകളുടെ ആശങ്കയകറ്റാന്‍ ലഘു ഉദ്യോഗ് ഭാരതി
1424941
Sunday, May 26, 2024 3:50 AM IST
കാലടി: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായി സ്ഥലം നല്‍കിയവരുടെ ആശങ്കയകറ്റാന്‍ ഭാരതത്തിലെ എംഎസ്എംഇ മേഖലയിലെ ഏറ്റവും വലിയ വ്യവസായ സംഘടനയായ ലഘു ഉദ്യോഗ് ഭാരതിയുടെ ഇടപെടല്‍. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനും (എന്‍ഐസിഡിസി) സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി സ്ഥലം നല്‍കിയവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക ഇതുവരെ ലഭിച്ചിട്ടില്ലെന്ന് 107 ഭൂഉടമകള്‍ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തതിനാല്‍ അവ ക്രയവിക്രയം ചെയ്യാനോ ബാങ്കുകളില്‍ പണയപ്പെടുത്തി തങ്ങളുടെ സ്വകാര്യ ആവശ്യങ്ങള്‍ നടത്താനോ സാധിക്കാത്ത സാഹചര്യമാണുള്ളത്.
അയ്യമ്പുഴ വില്ലേജിലെ ബ്ലോക്ക് 19ല്‍പ്പെട്ട സാധാരണക്കാരായ കര്‍ഷകരാണ് ഈ ദുരവസ്ഥ നേരിടുന്നത്. പദ്ധതി നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സാധ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ലഘു ഉദ്യോഗ് ഭാരതി കേരളം മുന്‍കൈയെടുക്കുമെന്ന് ഗിഫ്റ്റ് സിറ്റി ഭൂമി കൂട്ടായ്മ മഞ്ഞപ്രയില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഓള് ഇന്ത്യ വര്‍ക്കിംഗ് കമ്മിറ്റി മെമ്പറും സംസ്ഥാന സംഘടനാ സെക്രട്ടറിയുമായ എന്‍.കെ. വിനോദ്,
കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. രാജേഷ് എന്നിവര്‍ ഗിഫ്റ്റ് സിറ്റി ഭൂമി കൂട്ടായ്മ പ്രതിനിധികളെ അറിയിച്ചു. ഗിഫ്റ്റ് സിറ്റി ഭൂദാതാക്കളുടെ കൂട്ടായ്മയ്ക്കുവേണ്ടി പ്രിന്‍സ് മംഗലി, ഗോപി എന്നിവര്‍ പ്രസംഗിച്ചു.