തെരുവുനായ ആക്രമണം: രണ്ടു പേർക്ക് പരിക്ക്
1424940
Sunday, May 26, 2024 3:50 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിൽ പുതുക്കാട് മേഖലയിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. കരുമാലൂർ പുതുക്കാട് സ്വദേശികളായ ഷിബു തൈത്തറ, സുബ്രഹ്മണ്യൻ എന്നിവരെയാണ് തിരുവനായ ആക്രമിച്ചത്.
ഇന്നലെ വൈകിട്ട് ആറരയോടെ ഷിബുവും സുബ്രഹ്മണ്യനും പുതുക്കാട് തൈത്തറക്കടവിലെ വീടിനു മുന്നിൽ നിൽക്കുമ്പോൾ തെരുവുനായ ദേഹത്തേക്കു ചാടി വീഴുകയായിരുന്നു. ഷിബു തൈത്തറയുടെ ഇടതു കാലിൽ കടിയേറ്റു. ഇരുവരും ശബ്ദം ഉണ്ടാക്കിയതിനെതുടർന്ന് തെരുവ് നായ ഓടിമറയുകയായിരുന്നു.
കൂടാതെ സുബ്രഹ്മണ്യന്റെ ഇടതു കാലിന്റെ വിരലിലും കടിയേറ്റു. ഇരുവരും പറവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സതേടി. കരുമാലൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് ആക്രമണത്തിനിരയായവർ പറഞ്ഞു.