അങ്കമാലി നഗരസഭാ സെക്രട്ടറിയെ പ്രതിപക്ഷം ഉപരോധിച്ചു
1424786
Saturday, May 25, 2024 4:53 AM IST
അങ്കമാലി: അങ്കമാലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറിക്കെതിരേ പ്രതിപക്ഷാംഗങ്ങളുടെ ഉപരോധ സമരം. കൗണ്‍സില്‍ യോഗത്തില്‍ വായിക്കാത്ത അജണ്ടകള്‍ പാസാക്കരുതെന്നും വെള്ളക്കെട്ട് പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുമാണ് പ്രതിപക്ഷം സെക്രട്ടറിയെ ഉപരോധിച്ചത്.
നഗരസഭയില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു. പട്ടണത്തിന്റെ പല ഭാഗങ്ങളിലും വിവിധ വാര്‍ഡുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. 2018 നു ശേഷം മഴക്കാലപൂര്‍വ ശുചീകരണ-മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടത്താറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ യോഗം ചേര്‍ന്ന് വാര്‍ത്ത നല്കിയതല്ലാതെ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നില്ലെന്നാണ് പ്രതിപക്ഷ ആരോപണം.
ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ വെള്ളക്കെട്ട് പ്രശ്നം ചര്‍ച്ച ചെയ്തെങ്കിലും തൃപ്തികരമായ മറുപടി ചെയര്‍മാന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ഇതിനിടെ അജണ്ടകള്‍ പാസായതായി പ്രഖ്യാപിച്ച് ചെയര്മാന് ഇറങ്ങിപ്പോവുകയുമായിരുന്നെന്നും പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു.
തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു. പിന്നീട് കൗണ്‍സില്‍ യോഗത്തില്‍ വായിക്കാത്ത അജണ്ടകള്‍ മിനിറ്റ്സില്‍ ചേര്‍ക്കില്ല എന്ന ഉറപ്പോടെയും, മഴക്കാല ശുചീകരണത്തിന് തനത് ഫണ്ടില്‍നിന്നും ശുചിത്വ മിഷന് ഫണ്ടില്‍ നിന്നും 10,000 രൂപ വീതം ഓരോ വാര്‍ഡിനും അനുവദിക്കാമെന്ന ഉറപ്പിന്മേലുമാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.
വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.വൈ. ഏല്യാസ്, മുന്‍ ചെയര്മാന് ബെന്നി മൂഞ്ഞേലി, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ലക്സി ജോയി, പി.എന്‍. ജോഷി കൗണ്‍സിലര്‍മാരായ മാര്ട്ടിന് ബി. മുണ്ടാടന്‍, വില്സന് മുണ്ടാടന്‍, ഗ്രേസി ദേവസി, ലേഖ മധു, അജിത ഷിജോ, രജിനി ശിവദാസന്‍ തുടങ്ങിയവർ നേതൃത്വം നല്കി.