കാന കവിഞ്ഞൊഴുകുന്നു : കൊച്ചി മെട്രോയുടെ നടപ്പാത പൊളിച്ച് അറ്റകുറ്റപ്പണി
1424782
Saturday, May 25, 2024 4:52 AM IST
ആലുവ: കനത്ത മഴയിൽ കാന കവിഞ്ഞൊഴുകിയതിനെത്തുടർന്ന് ദന്താശുപത്രിയും മസ്ജിദും വെള്ളക്കെട്ടിലായി. കാനയിലെ വെള്ളമൊഴുക്കിന്റെ തടസം നീക്കാൻ കൊച്ചി മെട്രോ നടപ്പാത പൊളിച്ച് അറ്റകുറ്റപ്പണി ആരംഭിച്ചു. ഇന്ന് വെള്ളക്കെട്ട് മുഴുവനായി ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്.
ആലുവ ബ്രിഡ്ജ് റോഡിൽനിന്ന് മഴുവഞ്ചേരി ദന്താശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ഇന്നലെ രാവിലെ പെയ്ത മഴയിൽ വെള്ളക്കെട്ടിലായത്. ഇതിനാൽ ആശുപത്രിയിലേക്ക് വരുന്ന രോഗികളും പള്ളിയിലേക്ക് എത്തുന്നവും ഏറെ കഷ്ടപ്പെട്ടു.
തുടർന്നാണ് ഉച്ചയോടെ നടപ്പാതയുടെ ഒന്നര മീറ്റർ ഭാഗം പൊളിക്കാൻ തീരുമാനമായത്. ജെസിബിയുടെ സഹായം ഉപയോഗിച്ചെങ്കിലും കാനയുടെ മുകളിലുണ്ടായിരുന്ന പെട്ടിക്കട തടസമായി. കടയുടെ പിന്നിൽ വന്ന് നിൽക്കുന്ന കാനയിലെ മാലിന്യം മാറ്റിയെങ്കിലും ഒഴുക്ക് കൈവരിക്കാനായില്ല.
ഇന്ന് കടയുടെ അടിയിലൂടെ കാനയും പ്രധാന കാനയും തമ്മിൽ ബന്ധിപ്പിക്കാനാകും ശ്രമം.
ഇതിലൂടെ കെട്ടിക്കിടക്കുന്ന മാലിന്യവും മഴവെള്ളവും പ്രധാന കാനയിലേക്ക് ഒഴുക്കിവിടാനാകുമെന്നാണ് കരുതുന്നത്.