ആലുവയിലെ വെള്ളക്കെട്ട്: വിവിധ വകുപ്പുകളുടെ യോഗം 28ന്
1424590
Friday, May 24, 2024 4:59 AM IST
ആലുവ: രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെ ആലോചനായോഗം 28ന് ആലുവ നഗരസഭ വിളിച്ചു ചേർക്കുന്നു. പൊതുമരാമത്ത്, ജല അഥോറിറ്റി, റവന്യൂ, കെഎസ്ഇ ബി, കൊച്ചി മെട്രോ അധികൃതർ എന്നിവർ പങ്കെടുക്കും.
മഴയിൽ ആലുവ നഗരത്തിന്റെ പ്രധാന മേഖലകളാണ് വെള്ളക്കെട്ടിലാകുന്നത്. ഇതുമൂലം നഗരത്തിലെ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസം കടകളിലേക്ക് വെള്ളം കയറി വ്യാപാരികൾക്ക് പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്.
ആലുവ മേഖലയിലെ മഴവെള്ളം പെരിയാറിലേക്ക് കാനയിലൂടെ ഒഴുകുന്ന സംവിധാനമാണുള്ളത്. എന്നാൽ കാനയിൽ പലയിടത്തും മാലിന്യം അടിഞ്ഞ് ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. മാത്രമല്ല പുഴയിലേക്ക് എത്തുന്നിടത്ത് സ്ഥലം കൈയേറിയിരിക്കുന്നതായും ആരോപണമുണ്ട്.
കൊച്ചി മെട്രോയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നടപ്പാത നിർമാണം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. റോഡിൽ രൂപം കൊള്ളുന്ന മഴവെള്ളം കാനകളിലേക്ക് ഒഴുകുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
മാർക്കറ്റ് റോഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, അൻവർ ആശുപത്രി റോഡ്, ബാങ്ക് കവല, കടത്തുകടവ് റോഡ്, ബ്രിഡ്ജ് റോഡ്, മാർക്കറ്റ് ഭാഗത്തെ ബൈപാസ് അടിപാതകൾ, എറണാകുളം റോഡ്, കെഎസ്ആർടിസി പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും വെള്ളക്കെട്ടുണ്ടാകുന്നത്. ഇതിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തെ വ്യാപാരികൾക്കാണ് കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിൽ വലിയ നഷ്ടമുണ്ടായത്.
ആലുവ നഗരസഭ ചെയർമാൻ എംഒ ജോണിന്റെ നേതൃത്വത്തിൽ വെള്ളക്കെട്ടുണ്ടാകുന്ന മേഖലകൾ സന്ദർശിച്ചു. പലയിടത്തും കാനയിൽ മാലിന്യം കെട്ടിക്കിടക്കുന്നതായി കൗൺസിലർമാർ കണ്ടെത്തി. ആവശ്യമായ സ്ഥലങ്ങളിൽ കാന വൃത്തിയാക്കാൻ തീരുമാനമായി.
ഇതിനിടയിൽ ആലുവയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ശാശ്വത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നഗരസഭ സെക്രട്ടറി, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരെ ഉപരോധിച്ചു.