ആലുവ-പറവൂർ കെഎസ്ആർടിസി റോഡിൽ കാന നിർമാണം: പൊതുമരാമത്തിന് കത്ത് നൽകി
1424589
Friday, May 24, 2024 4:59 AM IST
കരുമാലൂർ: ആലുവ-പറവൂർ കെഎസ്ആർടിസി റോഡിൽ കരുമാലൂർ തട്ടാംപടി കവലയിലെ കാന നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് കളമശേരി വിഭാഗം അധികൃതർക്കു കത്ത് നൽകിയതായി കരുമാലൂർ പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. മാസങ്ങൾക്കു മുൻപു പൊതുമരാമത്ത് വിഭാഗമാണു തട്ടാംപടിയിലെ കാന പൊളിച്ചു നീക്കിയത്.
തുടർന്നു രണ്ടു മാസത്തോളം കാലം പുനർ നിർമിക്കാതെ കിടന്നപ്പോഴാണു കരുമാലൂർ പഞ്ചായത്ത് സർവകക്ഷി യോഗം വിളിച്ചു കാന മൂടാൻ തിരുമാനിച്ചത്. കൂടാതെ ചപ്പാത്തു നിർമിച്ചു തട്ടാംപടി കവലയിൽ കെട്ടിക്കിടക്കുന്ന വെള്ളം കാനയിലേക്ക് ഒഴുക്കി കളയാൻ തീരുമാനിച്ചിരുന്നു. എന്നാൽ കുത്തിപ്പൊളിച്ചിട്ട പഴയ കാന മുടിയതല്ലാതെ മറ്റു നിർമാണപ്രവർത്തികൾ കവലയിൽ നടന്നിട്ടില്ല. അതാണ് മഴയിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമായത്.
കനത്ത മഴയിൽ മൂടിയ കാനയോട് ചേർന്നുള്ള കടകളിൽ വെള്ളം കയറുന്നതും പതിവായിരിക്കുകയാണ്. അടിയന്തര പ്രശ്ന പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണു പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്ത ശേഷം പൊതുമരാമത്ത് വിഭാഗത്തിനു കത്തു നൽകിയിരിക്കുന്നത്.