മാന്ത്രയ്ക്കൽ റെയിൽവേ തുരങ്കപാത വെള്ളക്കെട്ടിൽതന്നെ
1423964
Tuesday, May 21, 2024 6:53 AM IST
ആലുവ: മഴവെള്ള സംഭരണി നിർമാണം തുടങ്ങി 32 ദിവസം കഴിഞ്ഞിട്ടും ചൂർണിക്കരയിലെ മാന്ത്രയ്ക്കൽ റെയിൽവേ തുരങ്കപാത മഴ പെയ്താൽ ഇപ്പോഴും വെള്ളക്കെട്ടിൽ. തുരങ്കത്തിനകത്ത് കെട്ടിക്കിടക്കുന്ന മഴവെള്ളം സമീപത്ത് നിർമിച്ചിരിക്കുന്ന ടാങ്കിലേക്ക് പമ്പ് ചെയ്യുന്ന സംവിധാനം വൈകുന്നതാണ് വിനയായിരിക്കുന്നത്.
ദേശീയ പാതയിൽ കമ്പനിപ്പടിയിൽനിന്ന് 25 വർഷം മുമ്പ് റെയിൽവേ നിർമിച്ച തുരങ്കമാണിത്. വെള്ളക്കെട്ട് ഈ മഴക്കാലം മുതൽ ഒഴിവാകുമെന്നാണ് പ്രദേശവാസികൾ പ്രതീക്ഷിച്ചിരുന്നത്. വേനൽമഴയിൽ രണ്ട് തവണ തുരങ്കം വെള്ളക്കെട്ടിലായി. 10,000 ലിറ്റർ സംഭരണശേഷിയുള്ള കോൺക്രീറ്റ് ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്ത് കയറ്റി കാനയിലേക്ക് ഒഴുക്കി കളയുന്ന പദ്ധതിയാണ് ഒരു മാസം മുമ്പ് ആരംഭിച്ചത്. പക്ഷേ ടാങ്ക് നിർമാണം കഴിഞ്ഞിട്ടും പമ്പിംഗ് നടക്കുന്നില്ലെന്നാണ് പരാതി.
തായിക്കാട്ടുകര, കുന്നത്തേരി, മനക്കപ്പടി മേഖലയിൽനിന്ന് ദേശീയ പാതയിലേക്ക് എളുപ്പത്തിൽ പോകാവുന്ന വഴിയാണിത്. നിർമാണം നടക്കുന്നതിനാൽ രണ്ട് കിലോമീറ്റർ ചുറ്റി ഗാരേജ് റെയിൽവേ ഗേറ്റ് കടന്നാണ് വാഹനങ്ങൾ പോകുന്നത്. വെള്ളക്കെട്ട് രൂപം കൊണ്ടതോടെ ഇരുചക്ര വാഹനങ്ങൾക്കും കടന്നു പോകാൻ കഴിയാതെയായി.
വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ചൂർണിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജറോട് ആവശ്യപ്പെട്ടു.