എടിഎം കൗണ്ടറിൽ മറന്നുവച്ച 5000 രൂപ ബാങ്കിൽ ഏൽപ്പിച്ചു
1423963
Tuesday, May 21, 2024 6:53 AM IST
കിഴക്കമ്പലം: എടിഎം കൗണ്ടറിൽ മറന്നുവച്ച നിലയിൽ പോലീസിന് ലഭിച്ച 5000 രൂപ ബാങ്കിൽ ഏൽപ്പിച്ചു. രാത്രി പരിശോധനയുടെ ഭാഗമായി പട്ട ബുക്കിൽ ഒപ്പിടുന്നതിനാണ് വാഴക്കുളം പോലീസ് അച്ചപ്പൻ കവലയിലെ എടിഎം കൗണ്ടറിൽ കയറിയത്. ഒപ്പിട്ടു മടങ്ങുന്നതിനിടയിലാണ് കൗണ്ടറിൽ ആരോ മറന്നുവച്ച നിലയിൽ 5000 രൂപ കണ്ടത്.
തുടർന്ന് പോലീസ് സമീപ സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. വ്യാപക പ്രചാരണവും നൽകി. രാവിലെ 10 വരെ തുക സ്റ്റേഷനിൽ സൂക്ഷിച്ചു. പണത്തിന്റെ ഉടമയോ പരാതിക്കാരോ എത്താതിരുന്നതിനാൽ തുക ബാങ്ക് ബ്രാഞ്ചിൽ ഏൽപ്പിച്ച് എടിഎം മെഷീനിൽനിന്നും തുക നിക്ഷേപിക്കുന്ന അക്കൗണ്ടിലേക്ക് മാറ്റി. വാഴക്കുളം സ്റ്റേഷനിലെ എഎസ്ഐ കെ.എൻ. പ്രദീപ്മോൻ, സിപിഒ കെ. സേവ്യർ എന്നിവരാണ് നൈറ്റ് പട്രോളിംഗിനുണ്ടായിരുന്നത്.