വ്യാപാര സമുച്ചയത്തിൽ നിന്ന് മലിനജലം ഒഴുകുന്നു
1423958
Tuesday, May 21, 2024 6:53 AM IST
മൂവാറ്റുപുഴ: കീച്ചേരിപടിയിൽ പ്രവർത്തിച്ചുവരുന്ന സ്വകാര്യവ്യക്തിയുടെ വ്യാപാര സമുച്ചയത്തിൽനിന്ന് മലിനജലം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലക്ക് ഒഴുകുന്നതായി പരാതി. ഇതര സംസ്ഥാന തൊഴിലാളികൾ താമസിപ്പിച്ചിരിക്കുന്ന ഇവിടത്തെ മലിനജല പൈപ്പ് പൊട്ടിയതുമൂലമാണ് ശുചിമുറി മാലിന്യമടക്കം സമീപത്തെ വ്യാപര സ്ഥാപനങ്ങളിലേക്ക് എത്താൻ കാരണം. പൈപ്പ് തകർന്ന് മലിനജലം വരാന്തയിലേക്കും, കടകളുടെ ഷട്ടറുകൾക്കുള്ളിലേക്കും വ്യാപിച്ചതോടെ വ്യാപാരികൾ ദുരിതത്തിലായി.
വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാനായി നിർമിച്ചിരിക്കുന്ന കെട്ടിടത്തിൽ നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെയാണ് ആളുകൾ ഇവിടെ തമാസിക്കുന്നതെന്ന് സമീപത്തെ വ്യാപരികൾ പറഞ്ഞു.
രണ്ട് ബാങ്ക്, മെഡിക്കൽ, ഹോമിയോ ക്ലിനിക് തുടങ്ങി നിരവധി ഓഫീസുകൾ പ്രവർത്തിച്ചുവരുന്ന കെട്ടിടമാണിത്. കെട്ടിടത്തിൽ ശുചിത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് വ്യാപാരി കൂട്ടായ്മ അസോസിയേഷന്റെ നേതൃത്വത്തിൽ 31 ഓളം പേർ ഒപ്പിട്ട നിവേദനം നഗരസഭാ സെക്രട്ടറിക്ക് നൽകിയിരുന്നു. എന്നാൽ ഇതിനും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് വ്യാപാരികൾ പറഞ്ഞു. മഴ കനത്തതോടെ പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്പോഴാണ് മലിനജലം തളംകെട്ടികിടക്കുന്നത്. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.