‘മഞ്ഞുമ്മല്‍ മച്ചാന്’ലഹരി സംഘത്തിലെ പ്രധാനികള്‍ മയക്കുമരുന്നുമായി പിടിയില്‍
1417356
Friday, April 19, 2024 4:25 AM IST
കൊച്ചി: ഐസ് മെത്ത് എന്ന വിളിപ്പേരുള്ള മാരക മയക്കുമരുന്നുമായി മര്‍ച്ചന്റ് നേവി വിദ്യാര്‍ഥിയടക്കം രണ്ടു പേരെ ഏലൂരില്‍ നിന്ന് എക്സൈസ് പിടികൂടി. മഞ്ഞുമ്മല്‍ മച്ചാന് എന്ന ലഹരി സംഘത്തിലെ പ്രധാനികളായ ഏലൂര്‍ മഞ്ഞുമ്മല്‍ സ്വദേശി ആശാരി പറമ്പില്‍ വീട്ടില്‍ ഷബിന് ഷാജി (26),
ആലുവ ചൂര്‍ണിക്കര അമ്പാട്ടുകാവ് വെളുത്തേടത്ത് വീട്ടില്‍ വി.എസ്. അക്ഷയ് (27) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, വരാപ്പുഴ റേഞ്ച് എക്സൈസ് ഇന്റലിജന്‍സ് എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്ന് ഐസ് മെത്ത് എന്ന വിളിപ്പേരുള്ള 10 ഗ്രാം മെത്താംഫിറ്റാമിന്‍ കണ്ടെടുത്തു. രാജസ്ഥാനില്‍ മര്‍ച്ചന്റ് നേവി കോഴ്സ് ചെയ്യുന്ന ഷബിന് അവിടെ വച്ച് പരിചയപ്പെട്ട പഞ്ചാബ് സ്വദേശിയില്‍ നിന്ന് തുച്ഛമായ വിലയ്ക്ക് മയക്കുമരുന്ന് വാങ്ങി കളമശേരി, ഏലൂര്‍, മഞ്ഞുമ്മല്‍ ഭാഗങ്ങളില്‍ വില്‍പ്പന നടത്തിവരികയായിരുന്നു.
രണ്ടാഴ്ച മുന്‍പ് വൈറ്റില ചക്കരപ്പറമ്പ് നിന്ന് 62 ഗ്രാം മെത്താംഫിറ്റമിനും മൂന്ന് കിലോ കഞ്ചാവും 18 നൈട്രോസെപാം ഗുളികകളുമായി രണ്ടു പേരെ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ മഞ്ഞുമ്മല്‍ മച്ചാന് എന്ന പേരില്‍ എറണാകുളം ടൗണ്‍ ഭാഗത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ചീഫ് അസി. കമ്മീഷണര്‍ ടി. അനികുമാറിന്റെ നേതൃത്വത്തില്‍ ഇവരുടെ ഫോണ്‍ കോള്‍ വിവരങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും സൂക്ഷ്മമായി പരിശോധിച്ച് നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇവരുടെ കൈയില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി വില്‍പ്പന നടത്തുന്നവര്‍ക്ക്, അര്‍ധരാത്രിയോടെ ഇവര്‍ക്ക് ഏറെ സ്വാധീനമുള്ള മഞ്ഞുമ്മല്‍ കടവ് റോഡില്‍ വച്ചാണ് മയക്ക്മരുന്ന് കൈമാറിയിരുന്നതെന്നും കണ്ടെത്തിയിരുന്നു.
പുലര്‍ച്ചെ ഒന്നോടെ മഞ്ഞുമ്മല്‍ കടവ് ഭാഗത്ത് മയക്കുമരുന്ന് കൈമാറാന്‍ എത്തിയ ഇരുവരും എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
പിടിയിലായ സമയം അക്രമാസക്തനായ ഷബിന് ഷാജി കൈവശം ഉണ്ടായിരുന്ന മയക്ക്മരുന്ന് വിഴുങ്ങാന്‍ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലം വിജയിച്ചില്ല. നിലവില്‍ ഷബിനും അക്ഷയും വരാപ്പുഴ എക്സൈസ് റേഞ്ചിലെ തന്നെ മുന്‍ മയക്കുമരുന്നുകേസിലെ പ്രതികളാണ്.
ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതായും വരും ദിവസങ്ങളിൽ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ചീഫ് അസി. കമ്മീഷണര്‍ ടി. അനികുമാര്‍ അറിയിച്ചു.