കുടിവെള്ളം കിട്ടുന്നില്ല, പൈപ്പിൽ ബ്ലോക്ക്; പരിശോധനയുമായി ജല അഥോറിറ്റി
1417133
Thursday, April 18, 2024 4:52 AM IST
ആലുവ: വേനൽ കടുത്തതോടെ കടുങ്ങല്ലൂർ പഞ്ചായത്തിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. ജലമിഷൻ പദ്ധതിയുടെ ഭാഗമായി ഭൂഗർഭ പൈപ്പുകൾ സ്ഥാപിച്ച ശേഷമാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്. മുപ്പത്തടം പമ്പിംഗ് സ്റ്റേഷനിൽനിന്ന് വേണ്ടത്ര പ്രഷർ ഇല്ലാത്തതാണ് കാരണമെന്ന് പ്രദേശവാസികൾ പറയുമ്പോൾ വിതരണ പൈപ്പിൽ എവിടെയോ ബ്ലോക്ക് വന്നിരിക്കുകയാണെന്നും അത് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നുമാണ് വാട്ടർ അഥോറിറ്റി പറയുന്നത്.
ആലങ്ങാട് റോഡിൽ വളവ് സ്റ്റോപ്പിന് സമീപം നാലിടത്ത് കുഴിച്ചു നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ നടത്തിയ നാലാമത്തെ പരിശോധനയും വിഫലമായി. ഇന്നും പരിശോധന തുടരും. കരാറുകാർ സമരത്തിലായതിനാൽ വാട്ടർ അഥോറിറ്റി നേരിട്ടാണ് പരിശോധന നടത്തുന്നതെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ‘ദീപിക'യോട് പറഞ്ഞു.
കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്തുകളിലേക്കും വരാപ്പുഴയിലെ കടമക്കുടിയിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നത് മുപ്പത്തടം പമ്പിംഗ് സ്റ്റേഷനിൽ നിന്നാണ്. ഏലൂക്കരയിൽനിന്ന് വെള്ളം ശേഖരിച്ച് ടാങ്കിൽ എത്തിച്ച ശേഷമാണ് വിതരണം ചെയ്യുന്നത്. ടാങ്ക് മുഴുവനായി നിറയാതെ വിതരണം ചെയ്യുന്നതിനാൽ പ്രഷർ കുറവാണെന്നാണ് നാട്ടുകാരുടെ പരാതി.
എന്നാൽ ടാങ്ക് നിറയുന്നുണ്ടെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വിശദമാക്കി.
എല്ലാ വേനൽക്കാലത്തും മുപ്പത്തടം പമ്പിംഗ് സ്റ്റേഷനിൽനിന്ന് മതിയായ രീതിയിൽ വെള്ളം കിട്ടുന്നില്ലെന്ന് പരാതി ഉയരാറുണ്ട്. ജലമിഷൻ പദ്ധതി വഴി ഉപഭോക്താക്കൾ വർധിച്ചപ്പോൾ അതനുസരിച്ച് കപ്പാസിറ്റി കൂടാത്തതാണ് പമ്പിംഗ് ആരംഭിക്കുമ്പോൾതന്നെ വെള്ളം തീരുന്നതെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. കിണറുകളെ ആശ്രയിക്കുന്ന ഉളിയന്നൂർ ദ്വീപ് മേഖലയിലേക്കും ജലമിഷൻ പദ്ധതിക്കായി കുഴിയെടുത്ത് തുടങ്ങിയിട്ടുണ്ട്.
വീടിനു മുകളിലത്തെ ടാങ്കിൽ വെള്ളം കയറാത്തതിനാൽ മുറ്റത്ത് ടാങ്ക് സ്ഥാപിക്കുന്ന തിരക്കിലാണ് പല കുടുംബങ്ങളും. ഒന്നിടവിട്ട ദിവസങ്ങളിലാണ് വീടുകളിലിപ്പോൾ പൈപ്പുകളിലൂടെ വെള്ളം എത്തുന്നത്. ടാങ്കർ ലോറിയിൽ കുടിവെള്ളം ലഭ്യമാക്കുന്നവരുമുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി കുടിവെള്ള പ്രശ്നം കടുങ്ങല്ലൂരിൽ രൂക്ഷമാണ്. ജനപ്രതിനിധികളെ പ്രതിസ്ഥാനത്ത് നിർത്തി സാമൂഹ്യ മാധ്യമങ്ങളിൽ തർക്കങ്ങളും നടക്കുന്നുണ്ട്.