സ്വദേശി ദർശൻ ടൂറിസം പദ്ധതികൾക്ക് തുടർച്ചയുണ്ടാകണം: ജോയ്സ് ജോർജ്
1416904
Wednesday, April 17, 2024 4:29 AM IST
മൂവാറ്റുപുഴ: സ്വദേശി ദർശൻ ടൂറിസം പദ്ധതികൾക്ക് തുടർച്ചയുണ്ടാകണമെന്ന് ഇടുക്കി ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ്. ഇടുക്കി മണ്ഡലം ടൂറിസം വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള പ്രദേശമാണ്. എംപിയായിരിക്കെ 99 കോടി കേന്ദ്ര ടൂറിസം പദ്ധതിയിൽനിന്നും അനുവദിപ്പിച്ച് നിർമാണം പൂർത്തിയാക്കിയ വാഗമണ്‍ ടൂറിസം കേന്ദ്രം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷക്കണക്കിന് യുവാക്കൾക്കും സ്ത്രീകൾക്കും തൊഴിലും വരുമാനവും കണ്ടെത്താനാകുന്ന മേഖലയാണ് ടൂറിസം. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ടൂറിസം പദ്ധതികൾക്ക് തുടർച്ചയുണ്ടാവുകയോ കേന്ദ്ര പദ്ധതികൾ വരികയോ ചെയ്തില്ല എന്നത് നിരാശജനകമാണ്. സെൻട്രൽ റോഡ് ഫണ്ടിൽ 16 കോടിക്ക് നിർമിച്ച ഏലപ്പാറ കൊച്ചുകരിന്തരുവി ഉപ്പുതറ റോഡും പിഎംജിഎസ്വൈയിൽ അഞ്ച് കോടിയിൽ നിർമിച്ച ഏലപ്പാറ ഹെലിബറിയ റോഡും സ്ഥാനാർഥി സന്ദർശിച്ചു.
അവസരം ലഭിച്ചാൽ തോട്ടം തൊഴിലാളി ക്ഷേമപ്രവർത്തനങ്ങൾക്ക് പ്രത്യേക പദ്ധതി രൂപീകരിക്കുമെന്നും സംസ്ഥാന സർക്കാർ രൂപീകരിച്ച പ്ലാന്റേഷൻ ഡയറക്ടറേറ്റ് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും ജോയ്സ് ജോർജ് പറഞ്ഞു.
വിനോദ സഞ്ചാരികളുടെ പറുദീസയായ വാഗമണ്ണിന്റെ മണ്ണിൽ നിന്നും തോട്ടം കാർഷിക മേഖലകൾ കീഴടക്കിയായിരുന്നു ജോയ്സ് ജോർജിന്റെ പര്യടനം. നൂറുകണക്കിന് യുവാക്കൾ അണിനിരന്ന ഇരുചക്ര വാഹനങ്ങളുടെ അകന്പടിയിലാണ് സ്ഥാനാർഥിയെ വരവേറ്റത്.